അബുദാബി/ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യം റാഷിദ് റോവറിന്റെ അവസാന പരിശോധനയും വിജയകരമായി പൂർത്തിയാക്കി. നവംബർ രണ്ടാം വാരം ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40ൽ നിന്നാണ് വിക്ഷേപണം.
ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡ ആടിയുലഞ്ഞെങ്കിലും വിക്ഷേപണത്തിൽ മാറ്റമില്ലെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.
ചന്ദ്രോപരി തലത്തിലേക്കുള്ള ആദ്യ അറബ് ദൗത്യം വിക്ഷപണത്തറ വരെ എത്തി. ഇനി അടുത്ത സ്റ്റോപ്പ് ചന്ദ്രൻ ആണെന്നും ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിലാണ് വിക്ഷേപണം. ഐസ്‌പേസ് നിർമിച്ച ജാപ്പനീസ് ലാൻഡർ ഹകുട്ടോ-ആർ മിഷൻ–1 റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിൽ എത്തിക്കും. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തായുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം.
ലാൻഡറും അനുബന്ധ പേലോഡുകളും ജർമ്മനിയിൽ നിന്ന് അടുത്ത ആഴ്ച വിക്ഷേപണ സ്ഥലത്ത് എത്തിച്ച് ബന്ധിപ്പിക്കും. ഒരു ചാന്ദ്ര ദിനം (14 ഭൗമദിനം) ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കി ചിത്രങ്ങളും ഡേറ്റയും ഭൂമിയിലേക്കു കൈമാറും.