അബുദാബി: യുഎഇയിൽ പുതിയ ഗാർഹിക തൊഴിലാളി നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഉടമയ്ക്കും തൊഴിലുടമകൾക്കും ഒരു വർഷംവരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷയെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭേദഗതി ചെയ്ത നിയമം ഡിസംബർ 15ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് മുന്നറിയിപ്പ്. വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവർടൈം തുടങ്ങിയ നിബന്ധനകളും നിയമം ലംഘിച്ചാലുള്ള ശിക്ഷകളും ഇതിലുണ്ട്.
തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നൽകി വീട്ടുജോലിക്കാരെ നിയമിക്കുന്നവർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും. ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിർദിഷ്ട ജോലിയോ കൃത്യമായ വേതനമോ നൽകാതിരിക്കുക, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്ക് അര ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.
തൊഴിലാളികൾക്കു വേതനം ലഭിക്കുന്നെന്ന് ഉറപ്പാക്കാതെ പ്രവർത്തനം നിർത്തുന്ന റിക്രൂട്ടിങ് കമ്പനിക്കും ഇതേ പിഴ ചുമത്തും. 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെയാണ് പിഴ.
മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ ദുരുപയോഗം ചെയ്താലും അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വർഷം തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമുണ്ട്. ലൈസൻസില്ലാതെ നിയമിച്ച തൊഴിലാളികളുടെ എണ്ണം അനുസരിച്ച് പിഴ പരമാവധി ഒരു കോടി ദിർഹം വരെ ഈടാക്കും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.