പ്രവാസി സംവിധായകന്റെ ചിത്രം ‘1001 നുണകൾ’ ഐഎഫ്എഫ് കെയിലേക്ക് തിരഞ്ഞെടുത്തു

ദുബായ്:  നവാഗത പ്രവാസി സംവിധായകൻ മലയാളിയായ താമറിന്റെ 1001 നുണകൾ എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവ (െഎഎഫ് എഫ്കെ) ത്തിലേക്ക് തിരഞ്ഞെടുത്തു. മലപ്പുറം ചങ്ങരംകുളം ചേലക്കടവ് സ്വദേശിയായ താമർ സംവിധാനം ചെയ്ത 1001 നുണകൾ  ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലിലേക്ക് തിരഞ്ഞെടുത്ത മികച്ച 14 സിനിമകൾക്കൊപ്പമാണ് പ്രദർശിപ്പിക്കുക. 105 സിനിമകളായിരുന്നു അവസാനറൗണ്ടിൽ മത്സരിച്ചത്. സംവിധായകൻ സലീം അഹമ്മദ് നിർമിച്ച ചിത്രത്തിൽ പ്രവാസികളാണ് പ്രധാന അഭിനേതാക്കൾ. ചിത്രം പൂർണമായും യുഎഇയിലാണ് ചിത്രീകരിച്ചത്.  പരസ്യചിത്ര നിർമാണ മേഖലയിലാണ് താമർ പ്രവർത്തിക്കുന്നത്.

ഗൾഫിലെ ദാമ്പത്യബന്ധങ്ങളിലെ നുണക്കഥകൾ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളും വേഷമിടുന്നു. പതിവ് ഗൾഫ് പ്രവാസി കഥകളിൽ നിന്ന് വ്യത്യസ്തമായി ഇതുവരെ പറയാത്ത കുടുംബ കഥയാണ് ആയിരത്തൊന്നു നുണകളിലൂടെ പറയുന്നതെന്ന് താമർ പറഞ്ഞു. ഇത് ഒരു പ്രവാസി കഥയല്ല, പക്ഷേ, പ്രവാസ ലോകത്ത് നടക്കുന്നു എന്നു മാത്രം. കുടുംബബന്ധങ്ങൾക്കുള്ളിലെ കൊച്ചുകൊച്ചു നുണകളും അതുവരുത്തിവയ്ക്കുന്ന വിനകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ആറ് ഭാര്യാ ഭർത്താക്കന്മാരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

ചെറുപ്പം തൊട്ടേ സിനിമ സ്വപ്നം കണ്ടിരുന്നയാളായിരുന്നു താമർ. ഒടുവിൽ അത് യാഥാർഥ്യമാക്കാൻ സാധിച്ചു. എട്ടു വർഷമായി പരസ്യരംഗത്ത് പ്രവർത്തിക്കുന്നു. ഹാഷിം സുലൈമാനാണ് രചയിൽ കൂടെനിന്നത്. അദ്ദേഹം സഹസംവിധായകനുമാണ്. സലീം അഹമ്മദിന്റെ അലൻസ് മീഡിയയാണ് നിർമാണം. ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജിബിനാണ് ആയിരത്തൊന്നു നുണകളുടെ ഛായാഗ്രാഹകൻ. ഇയ്യോബിന്‍റെ പുസ്തകത്തിന് സംഗീതം നൽകിയ നേഹ ഇൗ ചിത്രത്തിന് പാട്ടൊരുക്കുന്നു. ഒാപറേഷൻ ജാവ, ഉണ്ട, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത നിഷാദ്, ആർട് ഡയറക്ടർ ആഷിഖ്, വൈശാഖ് എന്നിവരും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *