മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ അംഗത്വം കാൽ ലക്ഷമാക്കി വർദ്ധിപ്പിക്കുവാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 250 യൂണിറ്റുകളും പുതിയതായി രൂപീകരിക്കും. മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവാസി സംഘം സ്ഥാപക ദിനമായ ഒക്ടോബർ 19 ന് ആരംഭിച്ച് ഡിസംബർ 31 ന് അവസാനിപ്പിക്കും. ഒക്ടോബർ 19 ന് യൂണിറ്റ്, വില്ലേജ്, ഏരിയ തലങ്ങളിൽ മെമ്പർഷിപ്പ് ദിനമായി ആചരിക്കും.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ക്യാപ്റ്റനായും, സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് വൈസ് ക്യാപ്റ്റനായും, ബാദുഷ കടലുണ്ടി മാനേജരായും നവംബർ 6 ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന പ്രവാസി മുന്നേറ്റ ജാഥക്ക് നവംബർ 8ന് കൽപറ്റയിൽ സ്വീകരണം നൽകും. ഒക്ടോബർ 22 മുതൽ 28 വരെ ജില്ലയിൽ ഏരിയ കൺവൻഷനുകൾ സംഘടിപ്പിക്കുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, കെ ടി അലി തുടങ്ങിയവർ സംസാരിച്ചു.