സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. 2023 ജനുവരിയില്‍ ദോഹയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാര സമര്‍പ്പണം നടക്കുമെന്ന് സംസ്കൃതി ഖത്തർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സ്ഥിര താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച 68 കഥകളില്‍ നിന്നാണ് പുരസ്കാരത്തിന് അര്‍ഹമായ കഥ തെരഞ്ഞെടുത്തത്.

ചെറുകഥക്കുള്ള ഗൃഹലക്ഷ്മി അവാര്‍ഡ്‌ 1991ലും 1992 ലും പ്രിയ ജോസഫിന് ലഭിച്ചിട്ടുണ്ട്. നീണ്ട ഇടവേളക്ക് ശേഷം എഴുത്തിലേക്ക് മടങ്ങി വന്ന പ്രിയ 2019 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും അനുഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതിവരുന്നുണ്ട്. കന്യാവ്രതത്തിന്റെ കാവല്‍ക്കാരന്‍, കാറല്‍ മാര്‍ക്സ് ചരിതം, ഗുര്‍ജ്ജറി ബാഗ്, തമ്മനം മുതല്‍ ഷിക്കാഗോ വരെ – ഒരു അധോലോക കഥ എന്നിവ ശ്രദ്ധേയമായ രചനകളാണ്. ഇടുക്കിയിലെ തൊടുപുഴയില്‍ ജനിച്ച പ്രിയ, ഷിക്കാഗോയില്‍ ഐ.ടി മേഖലയിൽജോലി ചെയ്യുകയാണ്. റോബിനാണ് ഭർത്താവ്. മക്കൾ: ആമി, മിയ.

പുരസ്കാര പ്രഖ്യാപന വാർത്താ സമ്മേളനത്തിൽ സംസ്കൃതി പ്രസിഡണ്ട്‌ അഹമ്മദ് കുട്ടി അറളയില്‍, ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, സാഹിത്യ പുരസ്കാര സമിതി കണ്‍വീനര്‍ ഇ. എം. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *