തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസികൾ പാർലമെന്റ്, രാജ്ഭവൻ മാർച്ചുകൾ നടത്തുമെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, പിരിച്ചുവിട്ട കേന്ദ്ര പ്രവാസി കാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആണ് മാർച്ച്. സമരത്തിന്റെ പ്രചരണാർത്ഥം ഞായറാഴ്ച വൈകിട്ട് ആറിന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന പ്രവാസിമുന്നേറ്റ ജാഥ കായികമന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യും. സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ക്യാപ്റ്റനും, പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് വൈസ് ക്യാപ്റ്റനും, ബാദുഷാ കടലുണ്ടി മാനേജറുമായ ജാഥ 14 ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. സമാപന സമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും. 16 ന് നടക്കുന്ന രാജ്ഭവൻ മാർച്ച് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. 2023 ഫെബ്രുവരി 15 നാണ് പാർലമെന്റ് മാർച്ച്.
വാർത്താസമ്മേളനത്തിൽ സംഘം പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ്, സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, സി കെ കൃഷ്ണദാസ്, എം കെ ശശിധരൻ എന്നിവരും പങ്കെടുത്തു.