പ്രവാസികള്‍ക്കായി 550 രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക; ആരൊക്കെ ഗുണഭോക്താക്കളാകും?

തിരുവനന്തപുരം: പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയില്‍ വരും. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.orgലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഓണ്‍ലൈനായി സ്‌കീമില്‍ ചേരാം. ഓണ്‍ലൈനായും ഫീസ് അടക്കാം.

വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങള്‍ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പറുകളില്‍ ലഭ്യമാണ്. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *