തിരുവനന്തപുരം: പ്രവാസികള്‍ക്കായി ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയവും സുരക്ഷിതവുമായ പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. 2 വര്‍ഷം കൊണ്ട് വന്‍ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചു. നിലവില്‍ 1,507 ചിട്ടികളിലായി 55,165 വരിക്കാരുണ്ട്. പ്രവാസ ജീവിതം നയിച്ച് തന്നെ ഓണ്‍ലൈനായി പണം അടയ്ക്കാനും, ലേലത്തില്‍ പങ്കെടുക്കാനും, ചിട്ടി തുക കൈപ്പറ്റാനും, പദ്ധതി അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗള്‍ഫിലെ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ പ്രവാസി ചിട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന് പുറത്തുള്ള പാവപ്പെട്ട തൊഴിലാളികള്‍ക്ക് ചിട്ടിയില്‍ പണമടയ്ക്കാന്‍ മണിഎക്‌സ്‌ചേഞ്ചുകള്‍ വഴി സൗകര്യമൊരുക്കാന്‍ തടസ്സമായി നില്‍ക്കുന്നത് ആര്‍.ബി.ഐ നിയമങ്ങളാണ്. അത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതാണ് പരാമര്‍ശിക്കപ്പെട്ട വിഷയം. ഓണ്‍ലൈനായി നടന്നുവരുന്ന പ്രവാസി ചിട്ടി സുരക്ഷിതമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇയുടെ പരിചയസമ്പന്നതയും വിശ്വാസ്യതയും പ്രവാസി ചിട്ടിക്ക് നല്‍കുന്ന സുരക്ഷിതത്വമാണ് പ്രവാസികളെ ആകര്‍ഷിച്ച പ്രധാന ഘടകം. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പദ്ധതിക്ക് ആദ്യമായി തുടക്കം കുറിച്ചത് കെ.എസ്.എഫ്.ഇ ആണെന്നതും ശ്രദ്ധേയമാണ്. നിലവില്‍ 45 ലക്ഷം ഇടപാടുകാരും 60,000 കോടി ടേണോവറും ചിട്ടി വ്യവസായ രംഗത്തുള്ള കെ.എസ്.എഫ്.ഇ പ്രവാസികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയത് തികച്ചും സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.