ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ

ന്യുയോർക്ക്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ (https://malayalam.la.utexas.edu/) മലയാളം പഠിപ്പിക്കുന്ന പ്രൊഫസർമാരായ ഡോ. ഡൊണാൾഡ് ഡേവിസ് (Donald R. Davis, Jr.), ഡോ. ദർശന മനയത്ത് ശശി (Darsana Manayathu Sasi) എന്നിവർ അമേരിക്കയിലെ മലയാള പഠനത്തെപ്പറ്റി ലോക കേരള സഭയുടെ മലയാളം മിഷൻ യോഗത്തിൽ നൽകിയ വിശദീകരണം ഈ വിഷയത്തിൽ ഏറെ ഉൾക്കാഴ്ച പകർന്നു.

മലയാളം പാഠ്യഭാഗമായുള്ള അമേരിക്കയിലെ ഏക കലാലയം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്- ഓസ്റ്റിൻ ആണെന്ന് പ്രൊഫ. ഡേവിസ് പറഞ്ഞു. 1981 ൽ പ്രൊഫ. റോഡ്‌നി മോഗ് ആണ് ഇത് സ്ഥാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിൻറെ മഹത്തായ സേവനത്തിനു തെളിവാണ് ഭാഷാ സാഹിത്യ പഠനവും മറ്റു ഏഷ്യൻ ഭാഷകൾക്കൊപ്പം മലയാളം ഭാഷക്കു പ്രാധാന്യം ലഭിച്ചതും. ഇവിടെ ഭാഷാ പഠനത്തിന് കുട്ടികൾക്ക് ഫെലോഷിപ്പ് നൽകുന്നതു സർക്കാരാണ്.

മലയാളം പഠിക്കുന്ന വിദ്യാർത്ഥികളിൽ 90% വും അമേരിക്കൻ മലയാളി കുടുംബങ്ങളിൽ നിന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവരാണ്. ബാക്കിയുള്ള 10% ത്തിൽ അമേരിക്കൻ വംശജരും മലയാളികളല്ലാത്ത മറ്റു ഇന്ത്യൻ വംശജരും ഉണ്ട്. 2016 മുതൽ ഓണവും മോഹിനിയാട്ടം തുടങ്ങിയവയും നടത്തി വരുന്നു. ഇവയൊക്കെ ഡിപ്പാർട്ട്മെന്റിന്റെ ഭാഗ്യമായ സൗത്ത് ഏഷ്യാ ഇൻസ്റ്റിറ്റിയൂട്ടിന്റെ സഹായത്താൽ മലയാളി സ്റ്റുഡന്റസ് അസോസിയേഷനാണ് നടത്തുന്നത് .

മലയാളത്തിനായി വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. മലയാളം വ്യാകരണം പുസ്തകം ഓഡിയോ ഫയലുകളും അടക്കം അതിൽ ഉണ്ട്. ഇതിലൂടെ ടെക്സസിൽ എവിടെയുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഓൺലൈൻ വഴി എടുക്കാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ നാല് വർഷമായി യൂണിവേഴ്സിറ്റിയിൽ സമ്മർ ക്ലാസ് നടത്തി വരുന്നുണ്ട്. മറ്റു സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളും ഹൈസ്‌കൂൾ -ജൂനിയർ സീനിയർ വിദ്യാർത്ഥികളുമാണ് ഈ ക്ളാസുകളിൽ ഉള്ളത്. ഇത് അവർക്ക് യൂണിവേഴ്‌സിറ്റി ക്രെഡിറ്റു കിട്ടാൻ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാവി പദ്ധതിയിൽ പ്രധാനമായത് മലയാളത്തിനായി ഒരു ചെയർ അതായത് പ്രൊഫസർഷിപ്പ് സ്ഥാപിക്കുക എന്നതാണ്. തമിഴ്, ഹിന്ദി, സംസ്കൃതം, തെലുഗു തുടങ്ങിയ ഭാരതീയ ഭാഷകൾക്ക് അമേരിക്കയിലെ മറ്റ് യൂണിവേഴ്സിറ്റികളിൽ നിലവിൽ ചെയർ ഉണ്ട്.

കേരളത്തിലെ യൂണിവേഴ്സിറ്റികളുമായ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, മലയാളം ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ സെമിനാർ തുടങ്ങിയവയും ടെക്സാസ് യൂണിവേഴ്സിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്ന് ഡോ: ഡൊണാൾഡ് ഡേവിസ് പറഞ്ഞു. ഇത് കൂടാതെ ഓൺലൈനിലൂടെ കോഴ്‌സസ് തയ്യാറാക്കുക എന്നതും ലക്ഷ്യമാണ്. നിറകൈയ്യടികളോടെയാണ് ലോക കേരള സഭയിലെ അംഗങ്ങൾ ഇവരെ സ്വീകരിച്ചതെന്നത് മലയാള ഭാഷയ്ക്കും, കേരളീയ സംസ്കാരത്തിനും അമേരിക്കയിലെ പുതുതലമുറ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്നതിന് തെളിവായി.

ലോക കേരള സഭയെ മുക്തകണ്ഠം പ്രസംസിച്ച ഡോ: ഡേവിസ്, കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *