നോർക്ക – യു കെ കരിയർ ഫെയര്‍: സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു കെയിലെത്തി

തിരുവനന്തപുരം: നോർക്ക – യു കെ കരിയർ ഫെയറിന്റെ (2022) ആദ്യഘട്ട റിക്രുൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു കെയിലെത്തി. ഫേബാ മറിയം സണ്ണി, ലിസ, ചിന്നമ്മ, ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യു കെ യിലെത്തിയ ആദ്യ സംഘത്തിലെ സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാർ. ഇവര്‍ക്കൊപ്പം ഡയറ്റീഷ്യന്‍ (അമൃതേഷ് അരീക്കര), റേഡിയോഗ്രാഫര്‍ (പ്രണവ് ഓലക്കാട്ട്), ഫിസിയോതെറാപ്പിസ്റ്റ് (ക്രിസ്റ്റീന ജോസ്)
എന്നിവരും രണ്ടു ഫാര്‍മസിസ്റ്റുകളും (ജിംസി മാത്യൂ, ഐഡ ഷീല ജോര്‍ജ്ജ്) യു കെയിലെത്തിയ സംഘത്തിലുണ്ട്. ഇവരെ യു കെയിലെ പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്കുളള വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ജൂണ്‍ 02 ന് കൈമാറിയിരുന്നു.

ലക്ഷങ്ങൾ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യു കെയിലേയ്ക്കുളള സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ റിക്രൂട്ട്മെന്റ്. അവിടെയാണ് പൂുർണ്ണമായും സൗജന്യമായും വ്യവസ്ഥാപിതവുമായ രീതിയിൽ നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് സാധ്യമായത് എന്നതാണ് പ്രത്യേകത.

സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുൾപ്പെടെ ആരോഗ്യ, സാമൂഹികസുരക്ഷാ മോഖലയിലെ 13 വ്യത്യസ്ത വിഭാഗങ്ങളിലേയ്ക്കായിരുന്നു കരിയർ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ്. ഇതിൽ നഴ്സുമാരുടെ ആദ്യസംഘം ഇതിനോടകം യു കെയിലെത്തിയിട്ടുണ്ട്.

നോര്‍ക്ക – യു കെ കരിയര്‍ ഫെയറിന്റെ രണ്ടാം എഡിഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ നിയമനനടപടികൾ നിലവില്‍ പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം നോര്‍ക്ക – യു കെ ടാലന്റ് മൊബിലിറ്റി ഡ്രൈവും നിലവില്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *