മലപ്പുറം: എയർ ഇന്ത്യയുടെ ഭക്ഷണം നിർത്തലാക്കിയ നടപടി തീർത്തും അപലപനീയമാണെന്ന് എൻ ആർ ഐ കമ്മീഷൻ അംഗവും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിൻറെ എല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി വിമാനസർവ്വീസില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറി. എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചതിന്റെ ഭാഗമായി വലിയ സൗകര്യങ്ങൾ സാധാരണക്കാരായിട്ടുള്ള പ്രവാസികൾക്ക് ഉണ്ടാകുമെന്നായിരുന്നു കേന്ദ്ര ഗവൺമെൻറ് സ്വകാര്യവൽക്കരിക്കുന്ന ഘട്ടത്തിൽ കൊട്ടിഘോഷിച്ചത്.
സ്വകാര്യവൽക്കരണത്തിന്റെ ദുരന്തഫലങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിവിധ സെക്ടറുകളിലേക്ക് നമ്മുടെ സംസ്ഥാനത്ത് നിന്നും പോയിരുന്ന എയർ ഇന്ത്യ സർവീസുകൾ വെട്ടി കുറക്കുകയും അതുവഴി സാധാരണക്കാരായ പ്രവാസികളിൽ നിന്നും അമിതമായിട്ടുള്ള തുക വിമാനകൂലിയായി വാങ്ങിക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയായി മാറി. ഇതിന്റെ ചുവട് പിടിച്ച് മറ്റു സ്വകാര്യ വിമാന കമ്പനികളും ടിക്കറ്റിന് വർദ്ധന വരുത്തിക്കൊണ്ട് പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
എയർ ഇന്ത്യയുടെ തുടർച്ചയായിയുള്ള പ്രവാസി വിരുദ്ധ നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സർക്കുലർ. അതിൻപ്രകാരം ഭക്ഷണം ഇനി വില കൊടുത്ത് വാങ്ങേണ്ടുന്ന അവസ്ഥയിലാണ്. ഉത്സവസീസണുകളിൽ ടിക്കറ്റിന്റെ നാലും അഞ്ചും ഇരട്ടി തുക അന്യായമായി വാങ്ങുന്നതിനോടൊപ്പം, ഭക്ഷണം വില്പന നടത്തിയും പ്രവാസികളെ പിഴിയാം എന്ന തീരുമാനത്തിലേക്കാണ് എയർ ഇന്ത്യ എത്തിയിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ട്.