കൊല്ലം: റഷ്യയിൽ തടാകത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥി സംഘത്തിൽ കൊല്ലം സ്വദേശിയും. കൊല്ലം സ്വദേശിയായ സിദ്ധാർഥ് സുനിൽ (24) മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കണ്ണൂർ മുഴപ്പിലങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പ്രബലന്റേയും ഷേർളിയുടെയും ഏക മകൾ പ്രത്യുഷ (24) മരിച്ചതായി കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. റഷ്യയിലെ സ്മോളൻസ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾ ആയിരുന്നു ഇരുവരും. ആറുമാസത്തിനുള്ളിൽ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു ഇവർ. സർവകലാശാലയ്ക്ക് സമീപമുള്ള തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും. സംഘത്തിലെ മറ്റു വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടതായി സൂചനയുണ്ട്. പ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. കരയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രത്യുഷ കാലുതെറ്റി തടാകത്തിലേക്ക് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധാർഥ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. സിദ്ധാർത്ഥ ക്യാഷ്യൂ കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സുനിൽകുമാറിന്റെ മകനാണ് സിദ്ധാർഥ് സുനിൽ. സന്ധ്യയാണ് അമ്മ. സഹോദരി പാർവതി സുനിൽ. ഇരുവരുടെയും മൃതദേഹങ്ങൾ നാളെ ഡൽഹി വഴി നാട്ടിലെത്തിക്കും എന്നാണ് വിവരം.
റഷ്യയിൽ മുങ്ങി മരിച്ചവരിൽ കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയും
