ബലിപെരുന്നാൾ ആഘോഷങ്ങൾ: യു എ ഇ യിൽ അറിയേണ്ടതെല്ലാം

ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ആറ് ദിവസങ്ങളിൽ രാജ്യമെമ്പാടും വൻആഘോഷപരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വെടിക്കെട്ട്, സംഗീത ക്കച്ചേരികൾ, തത്സമയ പ്രകടനങ്ങൾ, ഷോപ്പിങ് വിസ്മയങ്ങൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഓരോ എമിറേറ്റും തയ്യാറാക്കിയിട്ടുണ്ട്. രാവും പകലും ആഘോഷങ്ങൾകൊണ്ടു നിറയ്ക്കാനാണ് പൊതുജനങ്ങളുടെയും ഉദ്ദേശ്യം.

ഫെസ്റ്റിവൽ സിറ്റിയിൽ ആഘോഷരാവ്

ഈ മാസം 27 മുതൽ ജൂലായ് ഒന്ന് വരെയുള്ള അഞ്ചു ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്ക് ദുബായ് പാർക്കുകൾക്കും റിസോർട്ടുകൾക്കും മുകളിലുള്ള ആകാശത്ത് പൈറോ ടെക്നിക്കുകളാൽ ദൃശ്യവിസ്മയം തീർക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു. ദിവസവും രാത്രി എട്ട് മണിക്ക് ദിനോ പരേഡും ദുബായ് തീം പാർക്കിലെ മറ്റു വിനോദങ്ങളും അരങ്ങേറും. 29-ന് രാത്രി ഒമ്പത് മണിക്ക് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ മനോഹരമായ കരിമരുന്ന് പ്രദർശനം നടക്കും.

സംഗീത സന്ധ്യ ആസ്വദിക്കാം കൊക്കക്കോള അരീനയിൽ

പെരുന്നാളിന്റെ വാരാന്ത്യത്തിൽ കൊക്കക്കോള അരീനയിൽ സംഗീത സന്ധ്യയുണ്ടാകും. അറബ് ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരായ ഹുസൈൻ അൽ ജാസ്മിയുടെയും കാദിം അൽ സാഹിറിന്റെയും സംഗീതവിരുന്ന് ജൂലായ് രണ്ടിന് അരങ്ങേറും. സൗദി ഗായകൻ മുഹമ്മദ് അബ്ദുവിന്റെ ഗംഭീരമായ സംഗീതപരിപാടി ഇവിടെ തന്നെ ജൂലായ് ഒന്നിന് നടക്കും. ജൂലായ് മൂന്നിന് ദുബായ് ഓപ്പറയിൽ യു.കെ.യിലെ പ്രധാന ഹാസ്യതാരങ്ങളായ റോബ് ബെക്കറ്റും ജോഷ് വിഡ്ഡികോമ്പും ആസ്വാദകരെ ചിരിപ്പിക്കാനെത്തും.

സൗജന്യ വിനോദ പരിപാടികൾ

അബുദാബി യാസ് തീം പാർക്സിൽ കുട്ടികൾക്കായി വിവിധ സൗജന്യ വിനോദപരിപാടികളുണ്ടാകും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫെരാരി വേൾഡ്, യാസ് വാട്ടർവേൾഡ്, വാർണർ ബ്രദേഴ്‌സ് വേൾഡ് അബുദാബി എന്നിവയുൾപ്പെടെ മൂന്ന് ലോകോത്തര തീം പാർക്കുകളിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും. മുതിർന്നവരുടെ പ്രവേശന ടിക്കറ്റിനൊപ്പമാണ് കുട്ടികൾക്ക് കോംപ്ലിമെന്ററി ടിക്കറ്റ് ലഭിക്കുക.

ഡീർഫീൽഡ്സ് മാൾ കുട്ടികൾക്കായി പാവ ഷോ സംഘടിപ്പിക്കും. ഷോപ്പർമാർക്ക് വിവിധ സ്റ്റോറുകളിൽ 90 ശതമാനം വരെ കിഴിവോടെ ഷോപ്പിങ് അനുഭവവും ലഭ്യമാകും. കായിക പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കായി അബുദാബി സമ്മർ സ്പോർട്‌സ് ബാഡ്മിന്റൺ മുതൽ ഫുട്‌ബോൾ വരെയുള്ള വിവിധ കായിക ഇനങ്ങൾക്കായി 25 ഇൻഡോർ കോർട്ടുകളും ഫീൽഡുകളും സജ്ജമാണ്.

ഷാർജയിലും വിസ്മയിപ്പിക്കും പരിപാടികൾ

ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ പൈതൃകവും വിനോദവും സമ്മേളിക്കുന്ന വ്യത്യസ്ത പരിപാടികളാണ് നടക്കുക. അൽ മജാസ് വാട്ടർഫ്രണ്ടിലെ ഷാർജ മ്യൂസിക്കൽ ഫൗണ്ടൻ വീണ്ടും തുറന്നത് ഇത്തവണത്തെ അവധിക്കാലം കേമമാക്കും. അൽ ഖസ്ബയിലേക്കും അൽ മജാസ് വാട്ടർഫ്രണ്ടിലേക്കും ഇതോടെ പ്രവേശനം ലഭിക്കും. ഇവിടെ 28-ന് അൽ ഹർബിയ, 29-ന് അൽ മദ്യമ, 30-ന് ലിവ എന്നീ പരമ്പരാഗത ബാൻഡുകളുടെ പരിപാടികൾ നടക്കും.

അൽ ഖസ്ബയിൽ വൈകുന്നേരം ആറിനും ഏഴിനും അൽ മജാസ് വാട്ടർഫ്രണ്ടിൽ രാത്രി 8.30-നും 9.30-നുമായിരിക്കും പരിപാടികൾ നടക്കുക. അൽ ഹീറ ബീച്ചിൽ സന്ദർശകർക്കായി 28 മുതൽ 30 വരെയുള്ള ദിവസങ്ങൾ വ്യത്യസ്ത വിനോദ പരിപാടികൾ അരങ്ങേറും. 28-ന് ലിവ ബാൻഡ് വൈകുന്നേരം ആറ് മുതൽ 9.30 വരെ നാല് പ്രകടനങ്ങൾ അവതരിപ്പിക്കും.

29-ന് അൽ മദ്യമ ബാൻഡ് നാല് പ്രകടനങ്ങൾ കാഴ്ചവയ്ക്കും. കൂടെ മൊബൈൽ റോബോട്ട് ഷോയും അവതരിപ്പിക്കും. 30-ന് അൽ ഹർബിയയുടെ നാല് ഷോകളും ഉണ്ടാകും.

ഖോർഫക്കാനും റാസൽഖൈമയും അതിശയിപ്പിക്കും

ഖോർഫക്കാനിൽ 28 മുതൽ 30 വരെ അൽ ഹർബിയ ബാൻഡിന്റെ പ്രകടനം ഉണ്ടാവും.

ബീച്ച് പ്രദേശത്ത് വൈകുന്നേരം ആറ് മണിമുതൽ മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളിലായി മൂന്ന് ഷോകളുണ്ടാകും. ഇതിനു പുറമെ 28-ന് ബീച്ച് മാൻ, 29-ന് മിറേഴ്സ്, 30-ന് കോമഡി ഡുവോ തുടങ്ങിയ പ്രത്യേക ഷോകളും ഉണ്ടായിരിക്കും. ഡെസേർട്ട് റിട്രീറ്റ് അനുഭവം ആഗ്രഹിക്കുന്നവർക്ക് കൽബയിൽ സ്ഥിതി ചെയ്യുന്ന മിസ്‌ക് അൽ ബദായർ റിട്രീറ്റിലും മിസ്‌ക് കിംഗ്ഫിഷർ റിട്രീറ്റിലും 25 ശതമാനം വരെ കിഴിവുണ്ടാകും.

റാസൽഖൈമയിലെ അൽ നയീം മാളിലും വ്യത്യസ്ത പരിപാടികൾ അരങ്ങേറും. പരമ്പരാഗത മൈലാഞ്ചി ഇടൽ, ഫേസ് പെയിന്റിങ് എന്നിവയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *