കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത്; കാനത്തിൽ ജമീല എംഎൽഎ

റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തെ സസൂഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്നതതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും, പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു.

റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎയുമായ കാനത്തിൽ ജമീലക്ക് കേളി കലാസാംസ്കാരിക വേദിയുടെയും കേളി കുടുംബ വേദിയുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണയോഗത്തിന് നന്ദി അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചിട്ടുള്ള കാനത്തിൽ ജമീല, ഗ്രാമസഭകൾ, അയൽ കൂട്ടങ്ങൾ, വികസന സെമിനാറുകൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ നാടിന്റെ വികസനത്തിന് പൊതുജന പങ്കാളിത്തത്തിന്റെ പുത്തൻ മാതൃകക്ക് തുടക്കം കുറിച്ച വനിതാ നേതാവ് കൂടിയാണ്.

2012ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടക്കം കുറിച്ച ‘സ്നേഹ സ്പർശം’ പദ്ധതിയിലൂടെ നിർധനരായ ഒരുലക്ഷത്തിലധികം വൃക്കരോഗികൾക്കാണ് ആശ്വാസമേകി കൊണ്ടിരിക്കുന്നത്. വഹിച്ചിട്ടുള്ള പദവികൾ എല്ലാം തന്നെ പൊതുജനങ്ങളുടെ ജീവിതശൈലിയെ മാറ്റി മറിക്കുന്നതിനായി പ്രത്യേകം ശ്രദ്ധചെലുത്തികൊണ്ടുള്ള പ്രവർത്തനം നടത്തിയ കാനത്തിൽ ജമീല   റിയാദിലെ വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനായി ആദ്യമായാണ് സൗദിയിൽ എത്തുന്നത്.

ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേളി ആക്ടിങ് സെക്രട്ടറി ജോസഫ് ഷാജി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതിക്ക് വേണ്ടി സുരേന്ദ്രൻ കൂട്ടായി, കേളി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി കുടുംബ വേദിക്ക് വേണ്ടി പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു. സനയ്യ അർബൈൻ ഏരിയ രക്ഷാധികാരി സെക്രട്ടറിയും കുടുംബവേദി ആക്ടിങ് സെക്രട്ടറിയുമായ  സുകേഷ് കുമാർ സ്വീകരണ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *