ഡബ്ലിൻ: അയർലണ്ടിലെകൗണ്ടി കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ ഫൈൻ ഗെയ്ൽ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ദക്ഷിണ താലയിൽ നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും മധ്യ താലയിൽ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിൽ തിങ്കളാഴ്ച്ച ചേർന്ന പാർട്ടി മെമ്പർമാരുടെ കൺവെൻഷനിലാണ് ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
ബേബി പെരേപ്പാടൻ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തിൽ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, രണ്ടാംവട്ടം ഫൈൻ ഗെയ്ൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിലാണ് ദക്ഷിണ താല സീറ്റ് പാർട്ടിക്ക് വേണ്ടി തിരിച്ചു പിടിച്ചത്. പ്രധാനമന്ത്രി ലിയോ വരേദ്കർ അടക്കം സാക്ഷ്യം വഹിച്ച ആ വൻ വിജയം തന്നെയാണ് പെരേപ്പാടനെ പാർട്ടി വൃത്തങ്ങളിലു , ഐറിഷ് രാഷ്ടീ യത്തിലും ശ്രദ്ധേയനാക്കിയതും, വീണ്ടും അടുത്ത ഊഴത്തിന് അദ്ദേത്തെ തിരഞ്ഞെടുത്തതും.
ബ്രിട്ടോ പെരേപ്പാടനെ ഇത്തവണ പാർട്ടി ഏർപ്പിച്ചിരിക്കുന്ന മണ്ഡലം മധ്യ താല ആണ്. ഏകദേശം രണ്ട് ദശാബ്ദങ്ങളായി പാർട്ടിക്ക് വലിയ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത ഏരിയ ആയതിനാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ യുവ ഡോക്ടറെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ താല ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം ചെയ്യുന്ന ബ്രിട്ടോ പെരേപ്പാടൻ കലാ രംഗത്തും മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഡോക്ടർ ബ്രിട്ടോക്ക് കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മണ്ഡലം തിരിച്ചു പിടിക്കാനുള്ള വാശിയേറിയ പോരാട്ടം ആയിരിക്കും ഈ തവണ താല സെൻട്രലിൽ ഉണ്ടാവുക.
പിതാവിനെയും മകനെയും ഭരണകക്ഷിയായ പാർട്ടി ഒരേ സമയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്നത് എല്ലാ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ്.
ഇരുവരും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്കും പ്രചരണങ്ങളിലേക്കും കടന്നു കഴിഞ്ഞു. മലയാളി കൂട്ടായ്മകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലം തന്നയാണ് ചരിത്രത്തിലാദ്യമായി ഒരു മലയാളി അയർലന്റിൽ ഇലക്ഷൻ വിജയത്തിലേക്ക് നടന്നുകയറിയത്. ഇക്കുറിയും മലയാളി സമൂഹം ഒത്തൊരുമയോടെ ഇവരുടെ വിജയങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങും എന്ന സൂചന തന്നെയാണ് അയർലന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.