മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം: കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം നടത്തും

കോഴിക്കോട്: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇകഴ്ത്തുന്ന തരത്തിൽ സ്ത്രീകളുൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ, കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധമുയർത്തിയും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിക്കും. ജൂലൈ 31 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കോഴിക്കോട് വെച്ച് നടക്കുന്ന സംഗമത്തിൽ ജില്ലയിലെ 16 ഏരിയകളിൽ നിന്നായി പ്രവർത്തകർ പങ്കെടുക്കും. കേരള പ്രവാസിസംഘം സംസ്ഥാന നേതാക്കൾക്ക് പുറമെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരും പരിപാടിയിൽ പങ്കെടുക്കും. ദീർഘകാലം പരസ്പര സഹകരണത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂർ ജനങ്ങളെ ബി ജെ പി അധികാരത്തിലെത്തിയ ശേഷമാണ് വിദ്വേഷത്തിന്റെ വിത്തുകൾ പാകി പരസ്പരം ശത്രുക്കളാക്കി മാറ്റിയത്. അധികാരം നില നിർത്തുന്നതിനായി ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു കൂടെ നിർത്തുന്നതിനായി ന്യുനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിർത്തി കലാപമഴിച്ചു വിടുകയാണ് മണിപ്പൂരിൽ ചെയ്യുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം 200 ഓളം പേര് ഇതിനകം കലാപത്തിൽ കൊല്ലപ്പെട്ടു. എണ്ണമറ്റ വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കി. കടകമ്പോളങ്ങളും വാഹനങ്ങളും തകർക്കപ്പെട്ടു. 200 ലധികം കൃസ്ത്യൻ പള്ളികൾക്ക് തീയിട്ടു. 50000 ത്തിലധികം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. ഏറ്റവുമൊടുവിൽ 3 സ്ത്രീകളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. നിരവധി സ്ത്രീകൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടതായാണ് പുറത്തു വരുന്ന വാർത്തകൾ. ലോകമാകെ ഇന്ത്യയെ നാണം കെടുത്തുന്ന തരത്തിൽ ഇത്തരം വാർത്തകൾ ദൃശ്യങ്ങൾ സഹിതം പ്രചരിക്കുകയാണ്‌.

ലോകമാകെയുള്ള ഇന്ത്യക്കാർക്ക് ഇതര രാജ്യക്കാരുടെ മുന്നിൽ തലകുനിക്കേണ്ട സാഹചര്യമാണ് മണിപ്പൂരിലെ സംഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിപ്പിക്കുന്നതിനും, മണിപ്പൂരിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത പ്രവാസി സംഗമം വൻവിജയമാക്കണമെന്ന് ജില്ലയിലെ മുഴുവൻ പ്രവാസികളോടും ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. സജീവ് കുമാർ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, വൈ. പ്രസിഡണ്ട് ഷാഫിജ പുലാക്കൽ, ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാൽ, ട്രഷറർ എം. സുരേന്ദ്രൻ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ സലിം മണാട്ട്, മഞ്ഞക്കുളം നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *