ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 571 കോടി അവശേഷിക്കുമ്പോഴും പ്രവാസികള്‍ക്ക് ഗുണമില്ല: എ എം ആരിഫ് എംപി

ന്യൂഡല്‍ഹി: പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടില്‍ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികള്‍ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് എഎം ആരിഫ് എംപി. ആരിഫ് എം പിയുടെ ചോദ്യത്തിനു മറുപടിയായി 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ് 2023 ജൂണ്‍ 30ന് ഇത്രയും തുക അവശേഷിക്കുന്നതെന്ന് കേന്ദ്ര വിദേശകര്യ സഹമന്ത്രി വി മുരളീധരന്‍ ലോക് സഭയില്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ഫണ്ട് ബാക്കിയുള്ള എംബസികളില്‍ മൂന്നും അഞ്ചും സ്ഥാനത്തുള്ള യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ യഥാക്രമം 38. 96, 34.67 കോടി രൂപ ബാക്കിയുള്ളപ്പോഴും 2019 മുതല്‍ 2023 വരെ കേവലം 16.03, 10.15 ലക്ഷം വീതം മാത്രമാണ് കേസുകളില്‍പ്പെട്ട പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാനായി ചെലവഴിച്ചുട്ടുള്ളൂ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇതേകാലയളവില്‍ യഥാക്രമം 3.96, 4.94 കോടി രൂപയും ചെലവഴിച്ചുണ്ടെന്ന് മന്ത്രി മറുപടി നല്‍കി.

ഇത്രയധികം തുക ബാക്കിയുള്ളപ്പോഴും ആവശ്യത്തിന് നിയമസഹായവും മരണാനന്തരസഹായവും ലഭ്യമാകാതെ ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കമുള്ള പ്രവാസി സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് ഖേദകരമാണെന്നും ആരിഫ് എം പി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *