കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി; എല്‍ഡിഎഫ് പ്രതിനിധികള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയെ കണ്ടു

ന്യൂഡൽഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്നെവശ്യപ്പെട്ട് ഇടത് നേതാക്കൾ കേന്ദ്ര വ്യോമയാന സഹമന്ത്രിയെ കണ്ടു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ എംപിമാരടങ്ങുന്ന സംഘമാണ് ദില്ലിയില്‍ സഹമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും എല്‍ഡിഎഫ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

മെട്രോ നഗരമല്ലാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്നാണ് കേന്ദ്രനിലപാട്. പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ മാത്രമേ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ കഴിയൂ. അതിനാല്‍ ഉത്തരമലബാറിന്റെ വികസനത്തിന് നെടുംതൂണായി മാറേണ്ട വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ ദില്ലിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്ങിനെ നേരിട്ട് കണ്ട് നിവേദനം സമര്‍പ്പിച്ചത്. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചതായി എം വി ജയരാജന്‍ പറഞ്ഞു.

എല്‍എഡിഎഫ് സംഘത്തോടൊപ്പം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, ഡോ. വി ശിവദാസന്‍, ബിനോയ് വിശ്വം, ജോസ് കെ മാണി, എ എ റഹിം, എ എം ആരിഫ് ഉള്‍പ്പെടെയുളളവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു. അടുത്ത മാസം കണ്ണൂര്‍ വിമാനത്താവളം നേരിട്ട് സന്ദര്‍ശിക്കാമെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമ്മതിച്ചതായും പ്രതിനിധികള്‍ പറഞ്ഞു. യുപിയിലെയും ഗോവയിലെയും മെട്രോ നഗരമല്ലാത്ത എയര്‍പോര്‍ട്ടുകള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ കണ്ണൂരിനെ ഒഴിവാക്കിയതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *