പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാർ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം

കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കൺവൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു പറഞ്ഞു. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യപങ്ക് പ്രവാസികളുടേതാണെന്ന് പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പറഞ്ഞു. സമഗ്ര കുടിയേറ്റ നിയമനിർമ്മാണത്തിൽ അടക്കം പ്രവാസികളുടെ വിവിധ വിഷയത്തിൽ സംഘടന തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവാസി പി കോയാമുവിനെ ജില്ലാ പ്രസിഡന്റ് കെ കെ നാണു ആദരിച്ചു. സി കെ ഷംസുദ്ദീൻ, സലീം കൂരിയാടൻ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ മനോജ് ബാബു സ്വാഗതവും, അഷ്‌റഫ് മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു. ഏരിയ ഭാരവാഹികളായി സുരേഷ് കുമാർ (പ്രസിഡന്റ്), കെ ടി അലി (സെക്രട്ടറി), അഷ്‌റഫ് മുണ്ടക്കുറ്റി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *