- നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം.
- ഈ പദ്ധതിയിലൂടെ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
- മലയാളി പ്രവാസികൾക്ക് വിവിധതരത്തിലുള്ള ഐ.ഡി കാർഡുകളും ഇന്‍ഷുറന്‍സുകളും നോർക്ക നൽകുന്നുണ്ട്.
തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. പലർക്കും നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയല്ല. അതിനാൽ തന്നെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നില്ല. നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം.
∙ സാന്ത്വന
നാട്ടിൽ മടങ്ങിയെത്തിയ സാമ്പത്തികവും, ശാരീരികവുമായി ക്ലേശിക്കുന്ന പ്രവാസികുടുംബങ്ങളുടെ സഹായത്തിനുള്ള ദുരിതാശ്വാസനിധിയാണ് സാന്ത്വന. ഈ പദ്ധതിയിലൂടെ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അംഗപരിമിതർക്ക് സഹായത്തിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഗുരുതര രോഗമുള്ളവർ ചികിത്സാസഹായമായി 50,000 രൂപ വരെയും ലഭിക്കും. ഇതിന് പുറമെ മകളുടെ വിവാഹത്തിന് 15,000 രൂപ വരെ ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കും.
∙ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM)
ഈ പദ്ധതിയിലൂടെ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിലോ ചെറുകിട സംരംഭങ്ങളോ തുടങ്ങുന്നതിന് സാധിക്കും. ഇതിനായി സംരംഭങ്ങൾക്ക് ഒരുലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നോർക്ക മുഖാന്തരം ലഭ്യമാകും.15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം), മൂന്ന് ശതമാനം പലിശ സബ്സിഡിയും (നാല് വർഷം വരെ) നോർക്ക വാഗ്ദാനം ചെയ്യുന്നു. ഇതിനായി നോർക്കയുടെ മേഖലാ / ജില്ലാ ഓഫീസുകളെ ബന്ധപ്പെടാം.
ആർക്കൊക്കെ അപേക്ഷിക്കാം
ഈ പദ്ധതി പ്രകാരം, ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് തൊഴിൽ ചെയ്തശേഷം തിരിച്ചെത്തിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടൊപ്പം പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്. സംസ്ഥാനത്തെ18 ധനകാര്യ സ്ഥാപനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
∙ പ്രവാസി ഭദ്രത
കോവിഡ് പ്രതിസന്ധി കാരണം തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിന് പുറത്ത് ജോലി ചെയ്ത് തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനാണ് പ്രവാസി ഭദ്രത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പ്രവാസി ഭദ്രത പേൾ, മൈക്രോ, മെഗാ എന്നീ മൂന്ന് ഉപപദ്ധതികളുണ്ട്. പ്രവാസി ഭദ്രത പേൾ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പായി ലഭിക്കും. രണ്ടുവര്‍ഷത്തിനുളളിലാണ് തിരിച്ചടവ്. പ്രവാസി ഭദ്രതാ മൈക്രോയിലൂടെ അഞ്ചു ലക്ഷം രൂപ വരെയുളള സ്വയം തൊഴില്‍ വായ്പ ലഭിക്കും. ഇതിനായി കെ.എസ്.എഫ്.ഇ, കേരളാ ബാങ്ക് എന്നിവ വഴി അപേക്ഷിക്കാം.
വായ്പകള്‍ക്ക് 25 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) വായ്പാ സബ്‌സിഡിയും ലഭിക്കും. പ്രവാസി ഭദ്രതാ മെഗാ പദ്ധതിയിലൂടെ 25 ലക്ഷം മുതല്‍ രണ്ടുകോടി രൂപ വരെയുളള സംരംഭകവായ്പകള്‍ ലഭ്യമാകും. ഈ പദ്ധതി നടപ്പാക്കുന്നത് കെ.എസ്.ഐ.ഡി.സി (കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ) മുഖേനയാണ്.
∙ ഐ.ഡി കാർഡ്
മലയാളി പ്രവാസികൾക്ക് വിവിധതരത്തിലുള്ള ഐ.ഡി കാർഡുകളും ഇന്‍ഷുറന്‍സുകളും നോർക്ക നൽകുന്നുണ്ട്. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ്‌സ് ഐ.ഡി കാര്‍ഡ്,എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്,പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവയാണ് ഇവ. ഇതിലൂടെ ആവശ്യഘട്ടങ്ങളിൽ നോർക്കയുടെ സഹായം പ്രവാസികൾക്ക് എളുപ്പത്തിൽ ഉറപ്പുവരുത്താൻ സാധിക്കും.
∙ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ)
വിദേശങ്ങളിൽ തൊഴില്‍ തേടുന്നവർക്ക് ഭാഷ പലപ്പോഴും പ്രശ്നമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ) . തിരുവനന്തപുരത്താണ് എൻ.ഐ.എഫ്.എൽ പ്രവർത്തിക്കുന്നത്. സമീപ ഭാവിയിൽ കോട്ടയം, കോഴിക്കോട് നഗരങ്ങളിലും എൻ.ഐ.എഫ്.എൽ ആരംഭിക്കും. ഒ.ഇ. റ്റി, ഐ.ഇ.എല്‍.ടി.എസ്, ജര്‍മന്‍ ഭാഷയില്‍ സി.ഇ.എഫ്.ആർ എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. ഫീസ് ഇളവ് നൽകുന്നതിനാൽ ഇത് ഉദ്യോഗാർത്ഥികൾക്ക് അധിക ചെലവ് ഒഴിവാകുന്നതിനും സഹായിക്കും.
∙ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്
വിദേശരാജ്യങ്ങളില്‍ വച്ച് മരണപ്പെടുന്ന പ്രവാസി മലയാളികളിടെ ഭൗതികാവശിഷ്ടം നാട്ടിലെ വീടുകളിലെത്തിക്കുന്നതിനാണ് സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സേവനം. ഈ സേവനം പിന്നാക്കക്കാവസ്ഥയിലുളള മലയാളികള്‍ രോഗബാധിതരായി മടങ്ങുന്ന വേളയിലും ലഭ്യമാണ്. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ നിന്നും ഈ സേവനം ലഭ്യമാണ്.
∙ നോര്‍ക്ക ബിസിനസ്സ് സഹായ കേന്ദ്രം
ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്ക കൈതാങ്ങാകും. ഇതിനായി നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ(NBFC) തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്നുണ്ട്. പ്രവാസികളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി കേരളത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് നോര്‍ക്ക ബിസിനസ്സ് സഹായ കേന്ദ്രം ലക്ഷ്യമിടുന്നത്.
∙ എമര്‍ജന്‍സി റിപാര്‍ട്ടിയേഷന്‍ സ്‌കീം
അടിയന്തര സാഹചര്യത്തിൽ വിദേശങ്ങളിലുള്ള പ്രവാസി മലയാളികളെ നാട്ടിൽ/ആശുപത്രിയിലെത്തിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
∙പ്രവാസി നിയമസഹായ സെല്‍
പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ നിയമസഹായം നൽകുന്നതിനാണ് ഈ സെൽ പ്രവർത്തിക്കുന്നത്. ഈ സേവനം സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്. വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം.
വിവിധ ഭാഷകളില്‍ തര്‍ജ്ജിമയ്ക്കായി വിദഗ്ധരുടെ സഹായം, നഷ്ടപരിഹാരം/ ദയാഹര്‍ജികള്‍ എന്നിവയില്‍ നിയമോപദേശം, നിയമ ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവ പ്രവാസി നിയമസഹായ സെല്‍ നടത്തി വരുന്നു. യുഎഇ, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗർഫ് രാജ്യങ്ങളിലാണ് നിലവിൽ ഈ സേവനം ലഭിക്കുക.
∙ ഓപ്പറേഷന്‍ ശുഭയാത്ര
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വീസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനാണ് ഓപ്പറേഷന്‍ ശുഭയാത്ര ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സംഭവങ്ങളുണ്ടായാൽ പരാതി നൽകുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താനം. വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരും പദ്ധതിയിൽ നോര്‍ക്ക റൂട്ട്സിനൊപ്പം കൈകോർക്കുന്നു. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായ ഒരു സ്റ്റേറ്റ് സെൽ, ജില്ലകളിൽ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
Youtube: https://www.youtube.com/c/NorkaRootsKerala
Website: http://www.norkaroots.org/
Threads: https://www.threads.net/@norkaroots
Twitter: https://twitter.com/NorkaRoots1
Linkedin: https://www.linkedin.com/in/norkaroots/
Telegram: https://t.me/+XoyjLBzbyW1jYTBl
A very Valuable Information. Congratulations…