എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി; ഇന്ത്യന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കും. ഇതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉള്‍പ്പെടെ 19 സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഫീൽഡ് ജനറൽ മാനേജർ സുധീർ കുമാർ ഗുപ്തയും നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരിയും ധാരണാപത്രം കൈമാറി. നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരിയും സന്നിഹിതനായിരുന്നു.

ചടങ്ങില്‍ ഇന്ത്യന്‍ ബാങ്കില്‍ നിന്നും സോണൽ മാനേജര്‍ സാം സമ്പത്, അസിസ്റ്റന്റ് ജനറൽ മാനേജർ സജീവ് കുമാർ, ചീഫ് മാനേജർ ശ്രീലത, സീനിയർ മാനേജർ ശ്രീ. ഡേവിഡ്, മാനേജർ സച്ചു രാജ് എന്നിവരും സംബന്ധിച്ചു.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംസ്ഥാനത്ത് ബിസ്സിനസ്സ്, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *