രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 16.
മാവേലിക്കര: നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര താലൂക്ക് തല അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഓഗസ്റ്റ് 19 ന് മാവേലിക്കര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതലാണ് അദാലത്ത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാകും പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിനായി +91-8281 004 901, +91-8281 004 902, +91-8281 004 903, +91-8281 004 904 എന്നീ നമ്പറുകളില്‍ ഓഫീസ് സമയത്ത് പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 16.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് “സാന്ത്വന”. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങള്‍ക്ക് 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന് വിദേശത്തായിരിക്കാന്‍ പാടില്ല. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് അപേക്ഷിക്കാന്‍ കഴിയുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി വഴിയുളള ആനുകൂല്യങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഓഫീസുകള്‍ മുഖേനയോ, ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.