അബുദാബി: യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ കോൺസുലാർ, പാസ്പോർട്ട്, വിസാ (സി.പി.വി) സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി. യു.എ.ഇ.യിലെ എല്ലാ എമിറേറ്റുകളിലും ഈ സേവനങ്ങൾ നൽകുന്നതിന് ഇന്ത്യൻ എംബസി ഔട്ട്സോഴ്സിങ് ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ പ്രവാസികൾക്ക് അടുത്തവർഷംമുതൽ പുതിയ ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽനിന്ന് കോൺസുലാർ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. സേവനങ്ങൾ കാര്യക്ഷമമാക്കുക, കാത്തിരിപ്പ് സമയം കുറയ്ക്കുക, ഏറ്റവും അടുത്ത നഗരത്തിൽത്തന്നെ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി കർശന ഉപാധികളോടെ യു.എ.ഇ.യിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഔട്ട്സോഴ്സിങ് ഓഫീസുകൾ തുറക്കും. നിലവിൽ രണ്ടുകമ്പനികൾ ഔട്ട്സോഴ്സ് സേവനങ്ങൾ നൽകുന്നുണ്ട്. പാസ്പോർട്ട്, വിസാ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് ബി.എൽ.എസ്. ഇന്റർനാഷണലിനെയും ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ കൈകാര്യംചെയ്യുന്നതിന് ഐ.വി.എസ്. ഗ്ലോബൽ ഡോക്യുമെന്റിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ള സേവനങ്ങൾ എംബസിയും കോൺസുലേറ്റുകളും നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ഐ.സി.എ.സി.) എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവനകേന്ദ്രത്തിനു കീഴിൽ എല്ലാ കോൺസുലാർ സേവനങ്ങളും സേവനദാതാവ് ലഭ്യമാക്കണം. പ്രധാന സ്ഥലങ്ങളിലെല്ലാം ഐ.സി.എ.സി. തുറക്കുകയും വേണം. അപേക്ഷകരുടെ വീട്ടുപടിക്കലെത്തിയും കോൺസുലാർ-പാസ്പോർട്ട്-വിസ സേവനങ്ങൾ നൽകാൻ ഔട്ട്സോഴ്സ് ഏജൻസിക്ക് അനുവാദമുണ്ട്.
യു.എ.ഇ.യിൽ താമസിക്കുന്ന ഏകദേശം 35 ലക്ഷം ഇന്ത്യക്കാർക്കും സേവനങ്ങൾ തേടുന്ന വിദേശികൾക്കും സേവനം നൽകാൻ ഐ.സി.എ.സി.യുടെ ശാഖകൾ ബാധ്യസ്ഥമാണ്. ഓഫീസുകൾ പ്രവാസികൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലായിരിക്കണം. വിശാലമായ പാർക്കിങ് സൗകര്യങ്ങളും വേണമെന്ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നു. അബുദാബിയിൽ അൽ ഖാലിദിയ, അൽ റീം, മുസഫ, അൽ ഐൻ, ഗയാത്തി എന്നിവിടങ്ങളിലും ദുബായിൽ കരാമ/ഊദ് മേത്ത, മറീന, അൽഖൂസ്/അൽ ബർഷ, ദേര, ഖിസൈസ് എന്നിവിടങ്ങളിലും ഷാർജയിൽ അബു ഷഗാറ, റോള, ഖോർഫക്കാൻ എന്നിവിടങ്ങളിലുമാണ് ഓഫീസുകൾ തുറക്കേണ്ടത്. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രവും ആരംഭിക്കണം.
ഐ.സി.എ.സി ഓഫീസുകൾ ആഴ്ചയിൽ ആറ്ുദിവസവും പ്രവർത്തിക്കും. ഓൺലൈൻ അപ്പോയന്റ്മെന്റ് സ്ലോട്ട് ലഭ്യത എപ്പോഴും നാല് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ലഭ്യമായിരിക്കണം. ലഭിച്ച അപേക്ഷകൾ 20 മിനിറ്റിനുള്ളിൽ പ്രോസസ് ചെയ്യുകയും വേണം. ടോക്കൺ ജനറേഷൻമുതൽ അപേക്ഷ സ്വീകരിക്കുന്നതും കൗണ്ടറിൽ പണമടയ്ക്കുന്നതുവരെയുള്ള മൊത്തം ടേൺറൗണ്ട് സമയം 20 മിനിറ്റിൽ കൂടരുത്. സേവനം നൽകുന്നതിൽ കാലതാമസം വരുത്തുന്നത് പിഴചുമത്താൻ ഇടയാക്കും.
ഇംഗ്ലീഷ്, അറബിക്, ഹിന്ദി, തമിഴ്, മലയാളം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻഭാഷകളിൽ ഒരു വെബ്സൈറ്റ് ലഭ്യമാക്കണം. അന്വേഷണങ്ങൾക്ക് ഉത്തരം നൽകാനും ടെലിഫോൺ, ഇ-മെയിൽ, സന്ദേശം എന്നിവ വഴിയുള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കാനും കസ്റ്റമർകെയർ സേവനവും നിർബന്ധമാണ്. അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് നിശ്ചിതഫീസിൽ കൂടുതൽ ഈടാക്കാനും പാടില്ല. ഡോർ ടു ഡോർ സേവനങ്ങൾക്ക് പരമാവധി 380 ദിർഹം വരെ ഈടാക്കാം.