അബുദാബി: യു.എ.ഇ.യുടെ ഇത്തിഹാദ് എയർവേസ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കുന്നു.
അടുത്തവർഷം ജനുവരി ഒന്നുമുതലാണിത്. ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധികസർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് ആഴ്ചയിൽ 21 ആയി വർധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധികസർവീസുകളും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തിഹാദിന് നേരത്തേ അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ്കാലത്ത് അത് നിർത്തിവെക്കുകയായിരുന്നു.