പുതിയ കൊവിഡ് വകഭേദം ‘എറിസ്’ ഭീഷണിയാകുന്നു; യുകെയിൽ അതിവേഗ വ്യാപനം,മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

ലണ്ടൻ: ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്കവിതച്ച് പുതിയ ഒമിക്രോൺ വകഭേദമായ ഇജി 5.1 എന്ന പുതിയ കൊവിഡ് വകഭേദം യു കെയിലാകമാനം അതിവേഗം പടരുന്നു. യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ള ഈ വകഭേദത്തെ എറിസ് എന്നാണ് വിളിക്കുന്നത്.അതിവേഗം വ്യാപിക്കുന്ന ഒമിക്രോണിൽ നിന്നാണ് ഈ വകഭേദം ഉണ്ടായിരിക്കുന്നത്.

ജൂലായ് മൂന്നിനാണ് ഈ വകഭേദം രാജ്യത്ത് ആദ്യമായി ശ്രദ്ധയിൽപെട്ടത്. വിശദമായ നിരീക്ഷണത്തിന് ശേഷം 31ഓടെയാണ് ഇതൊരു വകഭേദമായി സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴിലൊരാൾക്ക് എറിസ് ഉണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നൽകുന്നത്.

മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന,ക്ഷീണം, തുമ്മൽ എന്നിവയാണ് എറിസ് സ്ഥിരീകരിച്ചവരിൽ കാണുന്ന ലക്ഷണങ്ങൾ. ബ്രിട്ടണിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതിൽ എല്ലാ പ്രായത്തിൽപെട്ടവരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും പ്രായം ഏറിയവരിലാണ് രോഗം അപകടാവസ്ഥയിലെത്തുക.

മുൻപ് രോഗം ബാധിച്ചവരിലും വാക്സിൻ സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതയുണ്ടെങ്കിലും ലോകരാജ്യങ്ങൾ എറിസ് വകഭേദത്തെ ശ്രദ്ധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗ്രബ്രയേസൂസ് നൽകുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *