ദുബായ്: ചുമട്ടുതൊഴിലാളിയായി ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് നറുക്കെടുപ്പിലൂടെ രണ്ട് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചു. ഹൈദരാബാദ് സ്വദേശി വെങ്കട്ടയെയാണ് ഭാഗ്യം തേടിയെത്തിയത്. മഹ്സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിലൂടെയാണ് വെങ്കട്ടയ്ക്ക് സമ്മാനം ലഭിച്ചത്.
മഹ്സൂസിന്റെ 56-ാമത്തെ കോടീശ്വരനായ വെങ്കട്ടയ്ക്ക് ഇതിന് മുമ്പ് മൂന്ന് നമ്പരുകൾ ഒത്തുവന്നതിലൂടെ 250 ദിർഹം ലഭിച്ചിരുന്നു. യുഎഇയിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നിൽ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം. 13 വർഷമായി യുഎഇയിൽ താമസിക്കുന്ന വെങ്കട്ട, ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ പാടുപെടുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിന് ശേഷം മഹ്സൂസിൽ നിന്ന് ലഭിച്ച വിവരം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് വെങ്കിട്ട പറയുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക നേടുന്നതെന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷമുണ്ടെന്നും വെങ്കട്ട പറഞ്ഞു. ഏകദേശം പത്ത് മാസം മുമ്പാണ് വെങ്കട്ട ആദ്യമായി മഹ്സൂസിൽ ഭാഗ്യ പരീക്ഷണം തുടങ്ങിയത്. സമ്മാനത്തുക ഉപയോഗിച്ച് വീടിന്റെ വായ്പ ആദ്യം അടച്ച് തീർക്കും, മറ്റ് കടങ്ങൾ തീർക്കും ബാക്കി പണത്തിന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.