ദുബായ്: കോവിഡുകാലത്തെ പ്രതിസന്ധികൾ തരണം ചെയ്ത് എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ക്യാബിൻ ക്രൂ ജീവനക്കാരുടെ എണ്ണം 20,000 കടന്നു. കമ്പനിയിലേക്കു കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ റിക്രൂട്മെന്റ് തുടരുന്നതിനിടെയാണ് ജീവനക്കാരുടെ എണ്ണത്തിൽ നിർണായക കടമ്പ കടക്കുന്നത്.
എമിറേറ്റ്സ് ക്രൂവിൽ 140 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. 130 ഭാഷകളിൽ നിന്നുള്ളവരും. വിമാന സർവീസുകൾ പൂർണമായും നിലച്ച കോവിഡ് കാലത്തു മാത്രമാണ് സ്റ്റാഫ് റിക്രൂട്മെന്റുകൾ ഇല്ലാതെ പോയത്. അന്ന് ജോലി നഷ്ടമായ പലരും തിരികെ എത്തി.
30 വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുന്ന 3 ജീവനക്കാർ എമിറേറ്റ്സിലുണ്ട്. 400 പേർ ഇതിനോടകം 20 വർഷത്തെ സേവനം പൂർത്തിയാക്കി. 15 – 19 വർഷത്തെ സേവനമുള്ള 1500 പേരും 10 – 14 വർഷത്തെ സേവനമുള്ള 3000 പേരും 5 –9 വർഷത്തെ സേവനമുള്ള 4000 പേരും ക്യാംബിൻ ക്രൂവിലുണ്ട്.
നികുതിയില്ലാത്ത ശമ്പളം, ലാഭവിഹിതം, ഹോട്ടൽ താമസം, തുടർ യാത്രയുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ വിമാനം നിർത്തിയിടുമ്പോഴുള്ള (ലെയ് ഓവർ) ചെലവുകൾ, സ്വന്തം ആവശ്യത്തിനു കുറഞ്ഞ യാത്രാ നിരക്ക്, വാർഷിക അവധിക്കുള്ള സൗജന്യ വിമാനടിക്കറ്റ്, ഗൃഹോപകരണങ്ങളോടു കൂടി താമസ സൗകര്യം, യാത്രാ സൗകര്യം, ചികിൽസാച്ചെലവ്, ജീവനും പല്ലുകൾക്കും ലഭിക്കുന്ന പ്രത്യേക ഇൻഷുറൻസ് പരിരക്ഷ, ലോൺഡ്രി സൗകര്യം തുടങ്ങിയവയാണ് എമിറേറ്റ്സ് ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാനും സൗകര്യമുണ്ട്.