ദുബായ്: ഇസ്രയേലുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സൗദിയും അമേരിക്കയും ധാരണയിലെത്തിയതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഒരു വർഷത്തിനകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. സൗദി – യുഎസ് ധാരണയുടെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ഇസ്രയേലിന്റെ ഭാഗത്തു നിന്നു വലിയ വിട്ടുവീഴ്ചയുണ്ടാകുമെന്ന് അറിയുന്നു.
കഴിഞ്ഞ ദിവസം യുക്രെയ്നെക്കുറിച്ച് സൗദി സംഘടിപ്പിച്ച ചർച്ചയിൽ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പങ്കെടുത്തിരുന്നു.
ഏതാനും മാസങ്ങൾക്കിടെ 3 തവണ സുരക്ഷാ ഉപദേഷ്ടാവ് സൗദി സന്ദർശിച്ചു. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്.
ജൂണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കന്റെ സന്ദർശന സമയത്തും സൗദി – ഇസ്രയേൽ ബന്ധം തന്നെയായിരുന്നു മുഖ്യ ചർച്ചാ വിഷയം.
ജെയ്ക്ക് സള്ളിവൻ അബുദാബിയിൽ
അബുദാബി: അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അബുദാബിയിൽ എത്തി. യുക്രെയിൻ ചർച്ചകൾക്കായി സൗദിയിൽ എത്തിയ െജയ്ക്ക് മടക്കയാത്രയിലാണ് യുഎഇയിൽ എത്തിയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂട്ടിക്കാഴ്ച നടത്തിയ ജെയ്ക്ക് മേഖലയിലെ സമാധാന നടപടികൾ ചർച്ച ചെയ്തു. മധ്യപൂർവ മേഖലയിൽ സമ്പൂർണ സമാധാനം കൈവരിക്കുന്നതിന് അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു. തന്ത്രപ്രധാന സഖ്യം ഇരുരാജ്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തണമെന്നു കൂടിക്കാഴ്ചയിൽ അഭിപ്രായം ഉയർന്നു.