ദുബായ്: കേസുകളിൽ പിഴയീടാക്കാൻ ദുബായ് പബ്ലിക് പ്രോസിക്യൂഷനിൽ ഓൺലൈൻ സേവനം ആരംഭിച്ചു. ശിക്ഷയുടെ ഭാഗമായ യാത്രാ വിലക്ക് പിഴയടച്ച് ഒഴിവാക്കാം. ഓഫിസുകളിൽ കയറി ഇറങ്ങുന്നതിന്റെ കാലതാമസം ഒഴിവാക്കാനാണ് ഓൺലൈൻ സേവനം ഏർപ്പെടുത്തിയത്. ഇതുവഴി പബ്ലിക് പ്രോസിക്യൂഷൻ ജീവനക്കാരുടെ 3 ലക്ഷം മണിക്കൂർ തൊഴിൽ സമയം ലാഭിക്കാം.
ഓൺലൈൻ സേവനം ദുബായ് പൊലീസുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ പിഴ അടയ്ക്കുന്ന നിമിഷം തന്നെ അറസ്റ്റ് വാറന്റ് ഇല്ലാതാകുമെന്നു നിയമ വിദഗ്ധർ പറഞ്ഞു.
കേസിൽ തീർപ്പുണ്ടാകുമ്പോൾ പ്രതി ചേർക്കപ്പെട്ടയാളിന്റെ ഫോണിൽ വിധിപ്പകർപ്പും പിഴയും പണം അടയ്ക്കാനുള്ള പേയ്മെന്റ് ലിങ്കും എസ്എംഎസ്സായി ലഭിക്കും. ലിങ്കിൽ കയറി പേയ്മെന്റ് പൂർത്തിയാക്കാം. അതുപോലെ പ്രോസിക്യൂട്ടർ വെബ്സൈറ്റിലൂടെയും എസ്എംഎസ്സിൽ പറഞ്ഞിരിക്കുന്ന കിയോസ്ക്കുകളിലും പണം അടയ്ക്കാം.
ഇതോടെ അറസ്റ്റ് വാറന്റ് റദ്ദാക്കിയും യാത്രാ നിരോധനം നീക്കിയുമുള്ള സന്ദേശം എസ്എംഎസ്സായി ലഭിക്കും. ശിക്ഷയുടെ ഭാഗമായ വാറന്റും യാത്രാവിലക്കും നീക്കിയുള്ള നോട്ടിസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും മറുപടി സന്ദേശത്തിനൊപ്പം ലഭിക്കും.
വിദേശിക്ക് രാജ്യത്തു പ്രവേശിക്കാനോ രാജ്യത്തുള്ളവർക്കു പുറത്തു പോകാനോ അനുവാദം നിഷേധിക്കുകയാണ് യാത്രാവിലക്കിലൂടെ ചെയ്യുന്നത്.