നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി; TPDCS വഴിയുളള പ്രവാസി സംരംഭക വായ്പകള്‍ കൈമാറി

തിരുവനന്തപുരം: നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (TPDCS) വഴി ലഭ്യമായ പ്രവാസിസംരംഭക വായ്പകള്‍ കൈമാറി. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നവീകരിച്ച ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കുളള വായ്പകളുടെ ചെക്കും അദ്ദേഹം കൈമാറി. 2013 ല്‍ നിതാഖത്ത് കാലത്ത് തുടക്കമിട്ട എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസം കൂടിയാണിതെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

എന്‍.ഡി.പി.ആര്‍.ഇ.എം വഴി ഇതുവരെ 6000 ത്തോളം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായതോടൊപ്പം 30, 000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുവാനും സാധിച്ചു എന്നതാണ് വലിയ നേട്ടമെന്ന് പദ്ധതി വിശദീകരിച്ച് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അഭിപ്രായപ്പെട്ടു. തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദാതാക്കളായി തിരിച്ചെത്തിയ പ്രവാസികളെ മാറ്റാന്‍ പദ്ധതിവഴി സാധ്യമായെന്നും അദ്ദേഹം പറ‍ഞ്ഞു.

TPDCS വഴി ആകെ 22 പ്രവാസിസംരംഭകര്‍ക്കാണ് വായ്പ അനുമതിയായത്. ഇവരില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഏഴുപേര്‍ക്കാണ് ഇന്ന് വായ്പ വിതരണം ചെയ്തത്. 1.മുഹമ്മദ് ഷിലിൻ (സാനിറ്ററി സാധനങ്ങളുടെ വിതരണം), 2.ദീപു എസ് (ബേക്കറി), 3.ലാലുകുമാർ എസ് (ബേക്കറി), 4.സംഗീത് (ഫാം), 5.ബിജി ചന്ദ്രൻ (ഫാൻസി സ്റ്റോര്‍), 6.ബാബു (വാഹനം), 7.സതീഷ് കുമാർ ( സ്റ്റുഡിയോ) എന്നിവര്‍ക്കാണ് വായ്പാചെക്കുകള്‍ കൈമാറിയത്.ബാക്കിയുളളവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ കൈമാറും. ചടങ്ങില്‍ TPDCS പ്രസിഡന്റ് ശ്രീ. കെ.സി. സജീവ് തൈയ്ക്കാട് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സഹകരണ വകുപ്പ് തിരുവനന്തപുരം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഇ.നിസ്സാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്സ് പ്രൊജക്ട്സ് മാനേജര്‍ എസ്.സുഷമാഭായി ആശംസയും അറിയിച്ചു. TPDCS പ്രതിനിധികളും പ്രവാസിസംരംഭകരും ചടങ്ങില്‍ സംബന്ധിച്ചു.TPDCS സെക്രട്ടറി രേണി വിജയൻ നന്ദി പറഞ്ഞു.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സംസ്ഥാനത്ത് ബിസ്സിനസ്സ്, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ മുതൽ മുപ്പത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *