അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രതിമാസ സർക്കാർ പെൻഷൻ: അറിയാം വിശദമായി

അഡ്വ: സരുൺ മാണി

തിരുവനന്തപുരം: കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്, 2008’.

2009 ജനുവരി മാസം 12 ന് നിലവില്‍ വന്ന ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. 15 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഉള്‍ക്കൊള്ളുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 2009-മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാ പ്രവാസികള്‍ക്കും മിനിമം പെന്‍ഷന്‍ 3000 രൂപയാക്കിക്കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ കേരള സര്‍ക്കാര്‍ മാറ്റിക്കഴിഞ്ഞു. അംഗത്വ കാലയളവനുസരിച്ച് പരമാവധി 7000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നു. നിലവില്‍ ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വം എടുക്കാനും അംശദായം അടയ്ക്കാനും കഴിയുന്ന കേരളത്തിലെ ഏക അന്തര്‍ദ്ദേശീയ വെല്‍ഫെയര്‍ ബോര്‍ഡായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിക്കഴിഞ്ഞു. ഈ കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രവാസികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഇതിലെ അംഗങ്ങളായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു വരുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു. ഇത്തരത്തില്‍ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് ആശ്രയ കേന്ദ്രമായി, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിയിരിക്കുന്നു. പ്രവാസ ജീവിതം സുരക്ഷിതമാക്കുവാന്‍ ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിന് നിധിയില്‍ അംഗത്വമെടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്.

അംഗത്വമെടുക്കാനുള്ള യോഗ്യതകള്‍?

  1. അപേക്ഷകന്‍ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
  2. അപേക്ഷകര്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം (1 എ വിഭാഗം) അല്ലെങ്കില്‍
  3. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം (1 ബി വിഭാഗം) അല്ലെങ്കില്‍
  4. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് 6 മാസമായി താമസിച്ചു വരുന്നവരായിരിക്കണം. (2 എ വിഭാഗം)

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതെങ്ങനെ?

ബോര്‍ഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.org ല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ ആണ്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്‍ണ്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിന്‍റ് ചെയ്തെടുത്ത് അംശദായം അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വഴി അംഗത്വ അപേക്ഷ സമര്‍പ്പിക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍റിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും അതാത് ബാങ്കിന്‍റെ ചെല്ലാന്‍ / പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാവുന്നതാണ്.

അംഗത്വത്തിനായി സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണ്?

വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്‍-വിദേശം)

  1. ഫോം നമ്പര്‍ 1 എ
  2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

വിദേശത്തു നിന്ന് തിരിച്ചു വന്നവര്‍ (മുന്‍ പ്രവാസി കേരളീയന്‍-വിദേശം)

  1. ഫോം നമ്പര്‍ 1 ബി
  2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍ വിലാസ പേജിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. വിദേശത്ത് 2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ പകര്‍പ്പ് (ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മാത്രം മതി)
  4. 2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിര താമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രം
  5. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ (പ്രവാസി കേരളീയന്‍-ഭാരതം)

  1. ഫോം നമ്പര്‍ 2 എ
  2. ജനന തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. അപേക്ഷകന്‍ കേരളത്തിനു പുറത്ത് ഇന്ത്യയില്‍ 6 മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍ / തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി / പ്രസിഡന്‍റ് /ഒരു ഗസറ്റഡ് ഓഫീസര്‍ / നിയമ സഭാംഗം / പാര്‍ലമെന്‍റ് അംഗം / ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
  4. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുക യാണെങ്കില്‍ അത് സംബന്ധിച്ചും ഏതെങ്കിലും വ്യവസായം / ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കില്‍ അത് സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അത് സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍ നിന്നോ സ്ഥാപന അധികാരിയില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെ ങ്കിലും അധികാരിയില്‍ നിന്നോ ഉള്ള സാക്ഷ്യ പത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  5. കേരളീയന്‍ ആണെന്ന് തെളിയിക്കുന്നതിന് കേരള വിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
  6. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.

അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫീസുകള്‍:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫീസിലും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫീസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട് ഓഫീസിലുമാണ് അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ലഭ്യാമാകുന്ന സേവനങ്ങൾ:
പെന്‍ഷൻ പദ്ധതി:
അറുപത് വയസ്സ് പൂര്‍ത്തിയായതും, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതുമായ ഓരോ പ്രവാസി കേരളീയനായ (വിദേശം)-(1എ) അംഗത്തിനു 3500 രൂപയും ഓരോ മുന്‍ പ്രവാസി കേരളീയനായ (വിദേശം)-(1ബി) അംഗത്തിനും, പ്രവാസി കേരളീയന്‍ (ഭാരതം)-2എ അംഗത്തിനും പ്രതിമാസം 3000 രൂപയും മിനിമം പെന്‍ഷന്‍ അനുവദിച്ചു വരുന്നു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും ടി നിശ്ചയിച്ചിട്ടുളള മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്കുന്നുണ്ട്. 2017 സെപ്തംബര്‍ മുതല്‍ കാറ്റഗറി വ്യത്യാസമില്ലാതെ പ്രതിമാസ മിനിമം പെന്‍ഷന്‍ 2000/- രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു .ഇതാണ് മേല്പറഞ്ഞ പ്രകാരം 01-04-2022 മുതൽ വീണ്ടും വർധിപ്പിച്ചത്.

കുടുംബ പെന്‍ഷൻ പദ്ധതി:
പെന്‍ഷന് അര്‍ഹത നേടിയതിന് ശേഷം ഒരംഗം മരണമടയുന്ന പക്ഷം അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രതിമാസ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്‍ഷന്‍ തുകയുടെ അന്‍പതു ശതമാനം ആയിരിക്കും.

അവശതാ പെന്‍ഷന്‍:
തന്‍റെ നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായമടച്ചിട്ടുള്ളതു മായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷന്‍ ലഭിക്കാനര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

അംഗവൈകല്യമുള്ളവര്‍ക്കായുള്ള പെന്‍ഷൻ പദ്ധതി:
മൂന്നു വര്‍ഷത്തിലധികം തുടര്‍ച്ചയായി സംഭാവന ഒടുക്കിയവരും അംഗവൈകല്യം മൂലം ജോലിയെടുക്കാന്‍ കഴിയാത്തവരുമാണ് ഈ പെന്‍ഷന് അര്‍ഹത. ഈ പെന്‍ഷൻ ലഭിക്കുന്നതിലേക്കായി ചികിത്സിച്ച ഡോക്ടറുടെയും മെഡിക്കൽ ബോര്‍ഡിന്‍റെയും സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം:
ഈ പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ, മരണ മടയുന്ന പ്രവാസി കേരളീയരായ (വിദേശം) (1 എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് അന്‍പതിനായിരം രൂപയും വിദേശത്തു നിന്നും തിരിച്ചുവന്ന പ്രവാസി കേരളീയനായ (വിദേശം) (1 ബി) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് മുപ്പതിനായിരം രൂപയും, പ്രവാസി കേരളീയനായ (ഭാരതം) (2എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് ഇരുപത്തയ്യായിരം രൂപയും, കല്പിത അംഗങ്ങളുടെ ആശ്രിതര്‍ക്ക് ഇരുപതിനായിരം രൂപയും മരണാനന്തര ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.

ചികിത്സാ സഹായം:
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ ക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വകാലയളവില്‍ അമ്പതിനായിരം രൂപയെന്ന പരമാവധി പരിധിക്ക് വിധേയമായി ചികിത്സ ചെലവുകൾ നൽകുന്നതാണ്. ഇതിനായി ചികിൽസിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ചികിത്സ ബില്ലുകളുടെ അസലും നിർദിഷ്ട എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കേണ്ടതാണ്. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.

വിവാഹ ധനസഹായം:
കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചുവരുന്നതോ, വിവാഹത്തിനു മുന്നെ മൂന്ന് വര്‍ഷത്തെ അംശദായം മുന്‍കൂറായി അടച്ചതോ ആയ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടേയും സ്ത്രീ അംഗങ്ങളുടേയും വിവാഹച്ചിലവിനായി പതിനായിരം രൂപ ഒരംഗത്തിന് നിധിയില്‍ നിന്നും ലഭിക്കുന്നതാണ്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.

വിദ്യാഭ്യാസ ആനുകൂല്യം:
രണ്ടുവര്‍ഷമെങ്കിലും നിധിയില്‍ തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഗ്രാന്‍റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കോഴ്സിനെ അടിസ്ഥാനപ്പെടുത്തി പരമാവധി നാലായിരം രൂപവരെ ഗ്രാന്‍റ് അനുവദിക്കുന്നുണ്ട്.

പ്രസവാനുകൂല്യം:

  1. തുടര്‍ച്ചയായി ഒരുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതാംഗങ്ങള്‍ ഒഴികെ യുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന് മൂവായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഒരംഗത്തിന് രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
  2. ഗര്‍ഭം അലസല്‍ സംഭവിച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള വനിതാ അംഗത്തിന് രണ്ടായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍, രണ്ടു തവണ പ്രസവാനുകൂല്യമോ ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ രണ്ടും കൂടിയോ ലഭിച്ച അംഗത്തിന് തുടര്‍ന്ന് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല.

അഡ്വ: സരുൺ മാണി
കേരള പ്രവാസി സംഘം – വയനാട് ജില്ലാ സെക്രട്ടറി
Mob: +919840222510
E-mail: sarunmaani@gmail.com

Leave a Reply

Your email address will not be published. Required fields are marked *