കോഴിക്കോട്: പാസ്പോർട്ടിനായുള്ള വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാ പോലീസ്. e-vip എന്ന കേരള പോലീസ് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു . പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലപരിശോധനകളും പോലീസ് വെരിഫിക്കേഷനിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി പോലീസ്, പാസ്പോർട്ട് ഓഫീസിലേക്ക് അയയ്ക്കും.
പാസ്പോര്‍ട്ട് വെരിഫിക്കേഷൻ ഇനി ഡിജിറ്റൽ രൂപത്തില്‍; പുതിയ ആപ്പുമായി കേരളപോലീസ്
