നോര്‍ക്ക റൂട്ട്സിന് വീണ്ടും ദേശീയ അംഗീകാരം: പി ശ്രീരാമകൃഷ്ണന് അംബേദ്‌കർ പുരസ്കാരം

ന്യൂഡൽഹി: സമാനതകളില്ലാത്ത തരത്തിൽ പ്രവാസി പുനരധിവാസ – ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്ന നോര്‍ക്ക റൂട്ട്സ് വീണ്ടും അംഗീകാര നിറവിൽ. നോർക്ക റൂട്ട്സ് കൈവരിച്ച നേട്ടങ്ങളുടെ നേതൃമികവിന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ ഡല്‍ഹിയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബാബാ സാബിബ് ദേശീയ പുരസ്കാരത്തിന് അർഹനായി. പ്രവാസിക്ഷേമ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് കഴിഞ്ഞ മെയ് മാസത്തിൽ സ്കോച്ച് അവാർഡ് ലഭിച്ചിരുന്നു.

ഡല്‍ഹിയിലെ കോണ്‍റ്റിറ്റ്യൂഷ്യന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യനില്‍ നിന്നും പി ശ്രീരാമകൃഷ്ണന് വേണ്ടി നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പുരസ്കാരം ഏറ്റുവാങ്ങി. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ് ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

പ്രവാസിക്ഷേമത്തിന്റെ മികവാര്‍ന്ന 7 വര്‍ഷങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്നിട്ടതെന്ന് പി ശ്രീരാമകൃഷ്ണന്‍ പുരസ്കാര നേട്ടത്തെകുറിച്ച് പ്രതികരിച്ചു. സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്നും കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ ഒരുപരിധിവരെ രക്ഷിക്കാനായതില്‍ സംതൃപ്തി ഉണ്. ആയിരത്തോളം സാധാരാണക്കാരായ കേരളീയരായ യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശജോലി എന്ന സ്വപ്നമാണ് നോര്‍ക്ക റൂട്ട്സ് വഴി സ്വന്തമാക്കാനായത്. ആയിരത്തോളം പേര്‍ക്ക് വിദേശഭാഷാപഠനത്തിനും ഈ കാലയളവില്‍ അവസരമൊരുക്കി. ഒപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരേയും ചേര്‍ത്തുപിടിക്കാന്‍ നോര്‍ക്ക റൂട്ട്സ് ശ്രമിച്ചുവരികയാണ്. 12,000 ത്തിലധികം പ്രവാസി സംരംഭങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യാഥാര്‍ത്ഥ്യമാക്കാനായത്. സാമ്പത്തിക പിന്നാകാവസ്ഥയിലുളള പ്രവാസികള്‍ക്കായുളള സാന്ത്വന പദ്ധതി സര്‍ക്കാറിന്റെ പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ്. പ്രവാസിക്ഷേമത്തിന്റെ കൂടുതല്‍ മേഖലകളിലേയ്ക്ക് കടക്കാന്‍ നോര്‍ക്ക റൂട്ട്സിന് ഊര്‍ജ്ജം നല്‍കുന്നതാണ് ഈ പുരസ്കാരനേട്ടമെന്നും പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. ഡല്‍ഹിയിലെ എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസര്‍ ഷാജിമോന്‍ ജെ, റിക്രൂട്ട്മെന്റ് അസി. മാനേജര്‍ രതീഷ് ജി ആര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *