പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

അടൂർ: പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) നേതൃത്വത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടൂർ ന്യൂ ഇന്ദ്രപ്രസ്ഥം ഹോട്ടൽ കോൺഫറൻസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ യായിരുന്നു പരിപാടി. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ തെക്കന്‍ ജില്ലകളിലെ പരിശീലനപരിപാടികള്‍ക്കും തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികൾക്കായി നടത്തിവരുന്ന വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോർക്കാ റൂട്സ് ജനറൽ മാനേജർ അജിത് കോളശേരി വിശദീകരിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോർഡ്‌ മുഖേനയുളള സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബോർഡ്‌ ഡയറക്ടർ ജോർജ് വർഗീസും സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ‌70 പ്രവാസിസംരംഭകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികളൾ, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധതരം ലൈസന്‍സുകള്‍, ജി.എസ്.ടി, വിവിധ ബാങ്കുകൾ മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന സംരംഭക വായ്പകൾ എന്നിവ സംബന്ധിച്ചും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി നൽകി. NBFC യുടെ സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദീൻ.ബി, മാനേജർ സുരേഷ് കെ.വി എന്നിവർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. നടപ്പു സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളിലായി 10 ഉം, മേഖലാടിസ്ഥാനത്തിലുമുളള അഞ്ച് പരിശീലന പരിപാടികള്‍ ലക്ഷ്യമിടുന്നു. വ്യവസായ വാണിജ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന KIED ആണ് NBFC യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി സർക്കാർ സർക്കാരിതര പദ്ധതികൾ നടപ്പിലാക്കുവാൻ ഉദ്ദേശിച്ചു നടത്തുന്ന ഇത്തരം പരിപാടികളും നവംബറിൽ അടൂരിൽ വെച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവാസി ക്ഷേമനിധി അദാലത്തും 2024 ജനുവരിയിൽ നടക്കുന്ന പ്രവാസി സെമിനാറും പ്രവാസികൾക്കും തിരികെ എത്തിയവർക്കും പ്രയോജനപ്പെടുമെന്ന്
പത്തനംതിട്ട ജില്ലാ പ്രവാസി സോഷ്യൽ വെൽഫയർ കൊ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറും കേരള പ്രവാസി സംഘം അടൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എസ് പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *