ഡോ: രവി പിള്ളയ്ക്ക് ബഹ്‌റൈന്‍ രാജാവിന്റെ ഉന്നത ബഹുമതി

മനാമ: നോര്‍ക്ക ഡയറക്ടറും പ്രമുഖ പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ ഡോ: രവി പിള്ളയ്ക്ക് ബഹ്‌റൈന്റെ ഉന്നത ബഹുമതിയായ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ചടങ്ങില്‍ ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ ഡോ. രവി പിള്ളയ്ക്ക് സമ്മാനിച്ചു. ബഹ്‌റൈന്റെ വികസനത്തിനും പുരോഗതിക്കും നല്‍കിയ നിര്‍ണായക സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഈ പുരസ്‌കാരം രാജാവില്‍ നിന്നു ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്. ബഹ്‌റൈനു നല്‍കി വരുന്ന മികച്ച സംഭാവനകള്‍, പ്രത്യേകിച്ചും റിഫൈനറി പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, ബഹ്റൈന്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കുള്ള അംഗീകാരമാണ് അവാര്‍ഡ്. തന്റെ ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെയും ബഹ്റൈനിലെ ജനങ്ങളുടെ പിന്തുണയുടെയും രാജ്യത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ പുരസ്‌കാരമെന്ന് ഡോ. രവി പിള്ള പറഞ്ഞു. ഈ അംഗീകാരം ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള ആര്‍പി ഗ്രൂപ്പിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കുമായി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *