ഖത്തറിൽ ശനിയാഴ്ച അപൂർവ്വ ആകാശക്കാഴ്ച; ‘പ്ലാനറ്ററി പരേഡ്’ കാണാൻ സൗകര്യമൊരുക്കി അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്

ദോഹ: ഖത്തർ നിവാസികൾക്ക് ഈ ശനിയാഴ്ച രാത്രി അപൂർവ്വമായൊരു ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. ‘പ്ലാനറ്ററി പരേഡ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ അണിനിരക്കുന്നത് കാണാൻ സാധിക്കും. ശനി, വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയ്ക്ക് പുറമെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ സാധ്യതയുണ്ട്.

ആറ് ഗ്രഹങ്ങളും ഒന്നിച്ചു കാണാനുള്ള ഈ അപൂർവ്വ സന്ദർഭത്തിന് സാക്ഷിയാവാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എവറസ്റ്റർ ഒബ്‌സർവേറ്ററിയുമായി സഹകരിച്ച് ഖത്തർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ് 25ന് വൈകുന്നേരം 6 മുതൽ 8 വരെ ഓൾഡ് ദോഹ തുറമുഖത്ത് ഇത് വീക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി മുഖ്യ സംഘാടകനായ അജിത് പറഞ്ഞു. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ദൂരദർശിനിയിലൂടെ നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാവും.

6 മണി മുതൽ 8 മണിവരെയുള്ള സമയത്താണ് ആറ് ഗ്രഹങ്ങളെയും ഒരേ സമയത്ത് കാണാൻ സാധിക്കുക. ഇതിനായി ആറ് ദൂരദര്ശനികൾ സ്ഥാപിക്കും. ആളുകൾ വരുന്നതിനനുസരിച്ചാണ് കാണാൻ സൗകര്യമൊരുക്കുകയെന്നും മുൻകൂട്ടിയുള്ള റജിസ്ട്രഷൻ ഇല്ലെന്നും അജിത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വാട്ട്‌സ്ആപ്പ് വഴി 55482045, 30889582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഈ കാഴ്ച ഫെബ്രുവരി മുഴുവൻ തുടരുമെങ്കിലും ആഴ്ചകൾ കഴിയുമ്പോൾ ഗ്രഹങ്ങളുടെ സ്ഥാനം ക്രമേണ മാറും. ദിവസങ്ങൾ കഴിയുന്തോറും, ശുക്രനും ശനിയും പടിഞ്ഞാറൻ ചക്രവാളത്തോട് അടുക്കും, നിരീക്ഷണ ജാലകം ചെറുതും ബുദ്ധിമുട്ടുള്ളതുമാകുമെന്നും വിദഗ്ധർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *