റിയാദ്: രണ്ടാം വട്ടം അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.
ട്രംപിന് അഭിനന്ദനം അറിയിക്കാന്‍ വിളിച്ച ഫോണ്‍ സംഭാഷണത്തിനിടെയാണ് ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യുഎസിന്റെ പദ്ധതികളിൽ പങ്കാളിത്തമുറപ്പിച്ച് 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അഭിവൃദ്ധിക്കുള്ള എണ്ണമറ്റ അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് കിരീടാവകാശി വിശേഷിപ്പിച്ചത്. പങ്കാളിത്തത്തിലൂടെയും നിക്ഷേപ സംരഭങ്ങളിലൂടെയും ഈ അവസരങ്ങളുടെ പങ്കാളിയാകാനുള്ള സൗദിയുടെ താല്‍പര്യവും കിരീടാവകാശി അറിയിച്ചു. യുഎസുമായുള്ള സൗദിയുടെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ബൃഹത്താക്കാന്‍ ലക്ഷ്യമിട്ടാണ് അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്.
മധ്യപൂര്‍വ ദേശത്ത് സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, വ്യാപാരം, നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം എന്നിവയും ചര്‍ച്ചയായി.