ദോഹ: 2024 ൽ മികച്ച സേവനം കാഴ്ചവച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത് 30 ലക്ഷത്തിലധികം പേർ. ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പുറത്തുവിട്ട കാണിക്കുകളിലാണ് സേവനങ്ങളെ കുറിച്ചുള്ള വിശദമായ കണക്കുകൾ വ്യക്തമാക്കുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള വിവിധ ലബോറട്ടറികളിൽ 24 ദശലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഒൻപത് സ്പെഷലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലുകളും ഉൾപ്പെടെ 12 ആശുപത്രികൾ, ആംബുലൻസ് സർവീസ്, പീഡിയാട്രിക് എമർജൻസി സർവീസസ് ഉൾപ്പെടെ വിപുലമായ ആരോഗ്യ സേവന സംവിധാനങ്ങളാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ളത്. ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ 2024-ൽ 3,198,989 പേർ പരിശോധനക്കായി എത്തി. 2024 ജൂലൈയ്ക്കും ഡിസംബറിനുമിടയിൽ എത്തിയ 1,770,362 ഇതിൽ ഉൾപ്പെടുന്നു.
ഇത് 2024 ജനുവരി മുതൽ ജൂൺ വരെ രേഖപ്പെടുത്തിയ കണക്കുകളെ അപേക്ഷിച്ച് 24% വർധനവാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി (DLMP) 24,372,843 ടെസ്റ്റുകൾ നടത്തി; ഇതിൽ 2024 ആദ്യ പകുതിയിൽ 11,759,079 ടെസ്റ്റുകളും 2024 ജൂലൈ മുതൽ ഡിസംബർ വരെ 12,613,764 ടെസ്റ്റുകളും നടത്തി. 2024ൽ, എച്ച്എംസിക്ക് കീഴിലുള്ള എല്ലാ ആശുപത്രികളിലും കൂടി 405,571 കിടപ്പുരോഗികളെ ചികിത്സിച്ചു. 2024 ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ എച്ച്എംസി ആശുപത്രികളിൽ 25,467 കുഞ്ഞുങ്ങളാണ് ജനിച്ചത്.
ഹമദ് മെഡിക്കൽ കോർപറേഷൻ നൽകുന്ന മികച്ച സേവനമാണ് ആളുകളെ ആകർഷിക്കുന്നത്. ആശുപത്രിയിലെത്തി കൂടുതൽ കാത്തിരിപ്പ് കൂടാതെ ഡോക്ടറെ കാണാൻ സാധിക്കുന്ന അപ്പോയിന്മെന്റ് രീതി പരിശോധനക്കായി എത്തുന്നവർക്ക് ഏറെ സൗകര്യപ്രദമാണ്. എച്ച്എംസിയുടെ ‘നെസ്മാക്’ കസ്റ്റമർ സർവീസ് ഹെൽപ്പ്‌ലൈൻ (16060) 2024-ൽ 1.7 ദശലക്ഷത്തിലധികം കോളുകളാണ് കൈകാര്യം ചെയ്തത്. 2024-ൽ, എച്ച്എംസി ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ 672,701 രോഗികളും എച്ച്എംസിയുടെ അഞ്ച് പീഡിയാട്രിക് എമർജൻസി സെന്ററുകൾ 781,595 കുട്ടികളെയും ചികിത്സിച്ചു. ആംബുലൻസ് സേവനത്തിന് 402,320 കോളുകളാണ് ലഭിച്ചത്. 1,887 ലൈഫ്-ഫ്ലൈറ്റ് എയർ ആംബുലൻസ് സേവനങ്ങളും 2024 ൽ നൽകിയതായി ഹമദ് മെഡിക്കൽ കോപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.