ദുബായ് /ദാവോസ്: മഹാരാഷ്ട്രയിലേക്കും ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് ലുലുവിനെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചത്.
നഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനുള്ള താൽപര്യം ലുലു അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ നേതൃത്വം മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് രംഗത്തും നിക്ഷേപിക്കുമെന്നും യൂസഫലി പറഞ്ഞു.
ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായും യൂസഫലി ചർച്ച നടത്തി. മുൻസർക്കാരിന്റെ പ്രതികൂല നയങ്ങൾ മൂലം ആന്ധ്രയിലെ നിക്ഷേപ പദ്ധതിയിൽ നിന്നു ലുലു ഗ്രൂപ്പ് പിൻമാറിയിരുന്നു. ചന്ദ്രബാബു നായിഡു അധികാരമേറ്റത്തിനു പിന്നാലെ, സർക്കാർ അഭ്യർഥന മാനിച്ചു ലുലു വീണ്ടും ആന്ധ്ര പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ മാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിംങ് മാൾ എന്നിവയിലായിരിക്കും ലുലു മുതൽ മുടക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പുരോഗതി യൂസഫലി ആന്ധ്ര മുഖ്യമന്ത്രിയെ അറിയിച്ചു.