കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി ’30 കിലോ’; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്

ദുബായ്: രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ ബാഗേജ് കൊണ്ടുപോകാമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.

ചെക്ക് – ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കില്‍ മൂന്ന് കിലോ അധിക കാബിന്‍ ബാഗേജോടു കൂടി എക്‌സ്പ്രസ് ലൈറ്റ് വിഭാഗത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ ലഗേജുള്ള എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ വരെയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ വരെയും കുറഞ്ഞ നിരക്കില്‍ ചെക്ക്- ഇന്‍ ബാഗേജ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിനു സമാനമായ എക്സ്പ്രസ് ബിസ് ടിക്കറ്റ് എടുക്കുന്നവർക്ക് 40 കിലോ വരെ ചെക്ക്–ഇൻ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളിൽ റിക്ലൈനർ സീറ്റ്, കാലുവയ്ക്കാൻ കൂടുതലിടം, ചെക്ക്–ഇൻ ബാഗേജിൽ മുൻഗണന, ഭക്ഷണം എന്നിവയും ലഭിക്കും. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോ സൗജന്യ ബാഗേജ് സൗകര്യവും അധികമായി ലഭിക്കും. കുഞ്ഞിനും മുതിർന്നയാൾക്കും കൂടി ഹാൻഡ് ബാഗേജ് ഉൾപ്പെടെ 47 കിലോ വരെ കൊണ്ടുപോകാം.

സംഗീത ഉപകരണങ്ങൾ സൗജന്യമായി കയ്യിൽ കരുതാം. വലുപ്പം 56–36–23 സെന്റിമീറ്ററിൽ അധികമാകരുതെന്നു മാത്രം. വലിയ സംഗീത ഉപകരണങ്ങൾ കൊണ്ടുപോകാൻ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. എന്നാൽ, ഉപകരണത്തിന്റെ ഭാരം പരമാവധി 75 കിലോ ആയിരിക്കണം. പണം നൽകി പ്രത്യേകമായി ചെക്ക് ഇൻ ചെയ്തും ഉപകരണം കൊണ്ടുപോകാം.

Leave a Reply

Your email address will not be published. Required fields are marked *