മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഏഴ് വര്‍ഷംവരെ കാലാവധി കഴിഞ്ഞ ലേബര്‍ കാര്‍ഡ് പിഴകള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജുകളാണ് പ്രഖ്യാപനത്തിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ തീരുമാനങ്ങള്‍.
ഒമാനിലെ തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിന് ഗുണകരമായ രീതിയില്‍ വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സുരക്ഷിതമാക്കുന്നതിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 7 വര്‍ഷമായി കാലഹരണപ്പെട്ട വിദേശ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡുകള്‍ക്ക് മന്ത്രാലയത്തിന് നല്‍കേണ്ട എല്ലാ പിഴകളും സാമ്പത്തിക കുടിശ്ശികകളും ഒഴിവാക്കും. 2017-ലേയും അതിനുമുന്‍പുള്ള വര്‍ഷങ്ങളിലും വരുത്തിയിട്ടുള്ള സാമ്പത്തിക കുടിശ്ശികകള്‍ അടയ്ക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കും. നാടുകടത്തപ്പെട്ട തൊഴിലാളികളുടെ ടിക്കറ്റ് തുക ഉള്‍പ്പെടെയാണിത്.
10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായ ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കും. ഇക്കാലയളവില്‍ കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം പുതുക്കല്‍, തൊഴിലാളിയുടെ മടക്കം, സേവന ട്രാന്‍സ്ഫര്‍, ഒളിച്ചോടിയ തൊഴിലാളിയുടെ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യല്‍ എന്നീ കാര്യങ്ങള്‍ക്കായി കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ അനുവദിക്കും. ലിക്വിഡേറ്റ് ചെയ്ത കമ്പനികളിലെ തൊഴിലാളികളെ നാടുകടത്തുകയോ അല്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍ അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളും.
ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴത്തുകകളില്‍ നിന്ന് തൊഴിലാളികളെയും തൊഴിലുടമകളെയും ഒഴിവാക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി ഫെബ്രുവരി 1 മുതല്‍ 6 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ചതിന്റെ റിപ്പോര്‍ട്ട് റദ്ദാക്കുക, തൊഴിലാളിയുടെ സേവനങ്ങള്‍ കൈമാറ്റം ചെയ്യുക. തൊഴിലാളി രാജ്യത്തുനിന്ന് അവസാനമായി പുറത്തുകടക്കുമ്പോള്‍ തൊഴിലുടമ വിമാന ടിക്കറ്റ് നല്‍കുക എന്നിവയും ഗ്രേസ് പിരീഡ് ഉപയോ ഗപ്പെടുത്തുന്നതിന് ആവശ്യമാണ്.
ഫെബ്രുവരി ഒന്ന് മുതല്‍ ജൂലൈ 31വരെ വെബ്സൈറ്റ് വഴിയും വിവിധ സേവനവിതരണ ഔട്ട്‌ലെറ്റുകള്‍ വഴിയും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.