ജിദ്ദ: മക്കയിലെ വിശുദ്ദ ഹറമില്‍ എത്തുന്ന ആരാധകര്‍ക്ക് ആരോഗ്യസേവനം നല്‍കാനായി സജ്ജമാക്കിയിരിക്കുന്നത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് അടിയന്തര ആരോഗ്യ കേന്ദ്രങ്ങളാണ്. വിശ്വാസികള്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യ സേവനം നല്കാന് ലക്ഷ്യമിട്ടാണ് ഹറം കാര്യാലയ വിഭാഗവുമായി സഹകരിച്ച് മക്ക ആരോഗ്യവിഭാഗം ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.
ഒന്നാം നമ്പര്‍ ഹറം എമര്‍ജന്‍സി സെന്റര്‍ സ്ഥിതി ചെയ്യുന്നത് ഗേറ്റ് 88-ന് സമീപമുള്ള കിംഗ് ഫഹദ് എക്സ്പാന്‍ഷന്റെ ഒന്നാം നിലയിലാണ്. ഗേറ്റ് ഇസ്മായിലിനും ജനാസ പ്രാര്‍ത്ഥനാ മേഖലയ്ക്കും സമീപമുള്ള ഇടനാഴിയില്‍ സ്ഥിതി ചെയ്യുന്ന എമര്‍ജന്‍സി സെന്റര്‍ ആണ് മൂന്നാം നമ്പര്‍ സെന്റര്‍. അജ്യാദ് പാലത്തിന് സമീപമുള്ള ഒന്നാം നിലയിലാണ് എമര്‍ജന്‍സി സെന്റര്‍ നാലാം നമ്പര്‍ എന്ന് പേരിട്ടിരിക്കുന്ന സെന്റര്‍ പ്രവൃത്തിക്കുന്നത്. മികച്ച വൈദ്യസഹായം നല്‍കുന്നതിന് ഇവ മൂന്നും നിര്‍ണായകമായ സംഭാവനയാണ് നല്‍കുന്നത്.
തീവ്രപരിചരണ വിഭാഗം, ലബോറട്ടറി സേവനങ്ങള്‍, അവശ്യ മരുന്നുകള്‍ അടങ്ങിയ ഒരു ഫാര്‍മസി എന്നിവയുള്ള അജ്യാദ് ആശുപത്രി തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി മുഴുവന്‍ സമയവും പ്രവൃത്തിക്കുന്നുണ്ട്. കിംഗ് അബ്ദുല്ല ഗേറ്റിന് എതിര്‍വശത്തു പള്ളിയുടെ വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന അല്‍ ഹറം ആശുപത്രി സന്ദര്‍ശകര്‍ക്കുള്ള അടിയന്തര പരിചരണത്തില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളതാണ്.
എമര്‍ജന്‍സി കേസുകള്‍ക്കായി സൗദി റെഡ് ക്രസന്റ് വിഭാഗം ഹറം കാര്യാലയവുമായി സഹകരിച്ച് നിരവധി ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫിബ്രില്ലേറ്ററുകള്‍ (എഇഡികള്‍) വിന്യസിച്ചിട്ടുണ്ട്. ഹൃദയാഘാത കേസുകളില്‍ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഉപകരണങ്ങള്‍ പ്രധാന ഗേറ്റുകളിലും ഹറാമിന്റെ ചുറ്റുപാടുകളിലും, മൂന്നാമത് ഹറം പുനരുദ്ധാരണ ജോലികള്‍ നടക്കുന്ന സ്ഥലത്തുമായി 5 എണ്ണം വീതം സ്ഥാപിച്ചിട്ടുണ്ട്.