ഓസ്ട്രേലിയൻ മന്ത്രി അങ്കമാലി ലിറ്റിൽ ഫ്ളവറിൽ വീണ്ടുമെത്തി, പൂർവവിദ്യാർഥിയായി

അങ്കമാലി: നഴ്‌സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പതിനഞ്ച് വര്‍ഷം മുന്‍പ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ പടികള്‍ ഇറങ്ങി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോള്‍ ജിന്‍സന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, നാട്ടില്‍ തിരിച്ചുവരുമ്പോളെല്ലാം പ്രിയ തട്ടകത്തില്‍ ഒരു വട്ടമെങ്കിലും കയറാതെ പോവില്ലെന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ വന്നു പോയിരുന്ന ജിന്‍സന്‍ ആന്റോ ചാള്‍സ്, പക്ഷേ, ഇക്കുറി വന്നപ്പോള്‍ നാടറിഞ്ഞു. ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ഇളകിമറിഞ്ഞു. കാരണം ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി എന്ന അപൂര്‍വ നേട്ടത്തിനുടമയാണ് ജിന്‍സന്‍ ആന്റോ ചാള്‍സ് എന്ന ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥി. ജിൻസന് ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയും നഴ്‌സിങ് കോളേജും ചേര്‍ന്നൊരുക്കിയ സ്വീകരണം അക്ഷരാര്‍ത്ഥത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവേദി കൂടിയായി മാറി.

പതിനായിരക്കണക്കിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിറക്കിയ എല്‍എഫ് കോളേജ് ഓഫ് നഴ്‌സിങിന് ഒരു പൊന്‍തൂവല്‍ കൂടിയാണ് ജിന്‍സണ്‍ എന്ന് അധ്യക്ഷന്‍ ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്ത്പറമ്പില്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ സ്‌പോര്‍ട്‌സ്, ഡിസെബിലിറ്റി, ആര്‍ട്‌സ്, സീനിയേഴ്സ് എന്നീ വകുപ്പുകളാണ് ജിന്‍സണ്‍ കൈകാര്യം ചെയ്യുന്നത്. ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ജീവിതം എനിക്ക് നല്‍കിയ അനുഭവങ്ങള്‍, ജീവിത പാഠങ്ങള്‍ എനിക്ക് പിന്നീടുള്ള പ്രൊഫഷണല്‍ ലൈഫിലും തുടര്‍ന്നുള്ള ജനസേവന രംഗത്തും മുതല്‍ക്കൂട്ടായിരുന്നുവെന്നും ഈ അനുമോദന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി ഞാന്‍ കാണുന്നുവെന്നും ജിന്‍സണ്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ബിഷപ്പ് തോമസ് ചക്കേത്ത് പൊന്നാട അണിയിച്ചും, റോജി എം ജോണ്‍ എംഎല്‍എ മൊമെന്റോ നല്‍കി. മുന്‍ ജോയിന്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊന്തേപ്പിള്ളി, മുന്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ തെല്‍മ, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ്, ഫാ.വര്‍ഗീസ് പാലാട്ടി, ഫാ.എബിന്‍ കളപുരക്കല്‍ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രിയ ജോസഫ്, രേണു തോമസ്, ജിന്‍സ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *