വൈദ്യുതി, കുടിവെള്ളം, ഇന്റര്‍നെറ്റ് സേവനങ്ങളെ തകര്‍ത്ത് ഇയോവിന്‍ കൊടുങ്കാറ്റ് പിന്‍വാങ്ങി

ഡബ്ലിന്‍: അയര്‍ലന്‍ഡിനെ 15 മണിക്കൂറിലേറെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇയോവിന്‍ കൊടുങ്കാറ്റ് പിന്‍വാങ്ങി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ഉച്ചകഴിഞ്ഞ് പൊതുഗതാഗതം പുനരാരംഭിച്ചു. വിമാന സര്‍വീസുകള്‍ വൈകുന്നേരത്തോടെ സാധാരണ നിലയിലായി. രാജ്യം ഒട്ടാകെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ തീരത്ത് മണിക്കൂറില്‍ 183 കിലോമീറ്റര്‍ വേഗതയിലാണ് ഇയോവിന്‍ കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. ഗോള്‍വേയിലെ മേസ് ഹെഡിലാണ് കാറ്റിന്റെ കാഠിന്യം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ ഏഴ് ലക്ഷത്തിലേറെ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 280,000 വീടുകളിലും 250,000 സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി.

വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ പത്ത് ദിവസമെങ്കിലും വേണ്ടി വരുമെന്ന് ഇഎസ്ബി നെറ്റ് വര്‍ക്ക് വ്യക്തമാക്കി. പ്രധാന റോഡുകള്‍ ഉള്‍പ്പടെ നിരത്തുകളിലേക്ക് മരങ്ങള്‍ മറിഞ്ഞു വീണത് ഗതാഗത സ്തംഭനത്തിനിടയാക്കി. കൗണ്ടി ഡൊണിഗലില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു.

വിവിധ കൗണ്ടികളിലായി ആറു ലക്ഷത്തിലേറെ പേര്‍ക്ക് കുടിവെള്ളം മുടങ്ങി. വൈദ്യുതി തകരാറ് മൂലം ട്രീറ്റ്മെന്റ് പ്ലാന്റുകളുടെയും പമ്പിംഗ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഗാള്‍വേ, വാട്ടര്‍ഫോര്‍ഡ്, കെറി, ടിപ്പററി, ക്ലെയര്‍, ലോംഗ്ഫോര്‍ഡ്, ലീഷ്, ഡൊണിഗല്‍ എന്നീ കൗണ്ടികളിലാണ് ജലവിതരണം മുടങ്ങിയത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ, ഡണ്‍സ്, ലിഡില്‍, ആല്‍ഡി, സൂപ്പര്‍ വാലു തുടങ്ങിയവ ഇന്നലെ ഉച്ചയോടെ വീണ്ടും തുറന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 200 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കോര്‍ക്ക്, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാന സര്‍വീസുകളും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, എമിറേറ്റ്സ് എന്നിവ സര്‍വീസുകള്‍ റദ്ദാക്കിയത് നാട്ടിലേക്ക് പോകാനുള്ള മലയാളികളെ ദുരിതത്തിലാക്കി. രാവിലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും തിരിച്ചു പോവുകയും ചെയ്യേണ്ടിയിരുന്ന ഫ്ളൈറ്റുകളെയാണ് കൊടുങ്കാറ്റ് തടസപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *