അബുദാബി-ദുബായ് യാത്ര ഇനി വെറും 30 മിനിറ്റിൽ

അബുദാബി: അര മണിക്കൂർകൊണ്ട് അബുദാബിയിൽനിന്ന് ദുബായിൽ എത്തുന്ന വിധത്തിൽ അതിവേഗ തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക.

ദുബായിക്കും അബുദാബിക്കും ഇടയിൽ ആറ് സ്റ്റേഷനുകളുണ്ടാകും. ദുബായിയിൽ അൽ ജദ്ദാഫ്, ജബൽ അലിയിലെ അൽമക്തൂം വിമാനത്താവളം എന്നിവയും അബുദാബിയിൽ റീം ഐലൻഡ്, സാദിയാത്ത്, യാസ് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമാകും സ്റ്റേഷനുകൾ. നിലവിലെ യാത്രാസമയം മൂന്നിലൊന്നാക്കി കുറയ്ക്കുന്ന വിധത്തിലാകും സർവീസ്.

അൽ ഫയാ സ്റ്റേഷനിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്തു.

ദേശീയ ഗതാഗത ശൃംഖല വിപുലീകരിക്കാനുള്ള പുതിയ പദ്ധതിയുടെ വികസനത്തിനും പ്രവർത്തനത്തിനും ഇത്തിഹാദ് റെയിൽ മേൽനോട്ടം വഹിക്കും. സ്മാർട്ട് ഗതാഗത സേവനങ്ങളിൽ യു.എ.ഇ.യുടെ ആഗോള പദവി കൂടുതൽ ദൃഢമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. യു.എ.ഇ.യുടെ നെറ്റ് സിറോ 2050 സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സംഭാവനകൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ദേശീയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഗതാഗത സേവനങ്ങൾ വർധിപ്പിക്കാനുമുള്ള യു.എ.ഇ. നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയാണ് പദ്ധതി അടയാളപ്പെടുത്തുന്നതെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.

യു.എ.ഇ.യുടെ ആഗോള മത്സരശേഷി ഉയർത്താനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കാനും നവീകരണത്തിന്റെ ആഗോള മാതൃകയായി രാജ്യത്തിന്റെ സ്ഥാനം ശക്തമാക്കാനും അതിവേഗ തീവണ്ടികൊണ്ട് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന പദ്ധതിയിലൂടെ യു.എ.ഇ.യുടെ ആഗോള മത്സരശേഷി വർധിപ്പിക്കുകയും അടുത്ത 50 വർഷത്തിനകം രാജ്യത്തിന്റെ ജി.ഡി.പി.യിലേക്ക് 14500 കോടി ദിർഹം ലഭിക്കുകയും ചെയ്യുമെന്ന് ശൈഖ് ഹംദാൻ എക്‌സിൽ കുറിച്ചു.

അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ നാല് സ്റ്റേഷനുകളുടെയും യാത്രാ തീവണ്ടി ശൃംഖലയുടെയും നിർമാണ പുരോഗതിയും അവലോകനം ചെയ്തു. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും നൂതന ഗതാഗത സംവിധാനങ്ങൾ നൽകാനുമുള്ള യു.എ.ഇ.യുടെ പ്രതിജ്ഞാബദ്ധതയാണ് പദ്ധതികളിൽ പ്രതിഫലിക്കുന്നതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. തന്റെ സഹോദരനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് റെയിൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമങ്ങൾക്ക് ശൈഖ് ഹംദാൻ നന്ദിയറിയിക്കുകയും ചെയ്തു.

അബുദാബി-ദുബായ് യാത്രാസമയം കുറയ്ക്കാനും ഇരു എമിറേറ്റുകൾക്കിടയിലെ സാമൂഹിക, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും പദ്ധതി ഗുണകരമാകും. കൂടാതെ, വ്യവസായം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറാനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *