ഷാർജ: സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ലാപ്ടോപ്പ് ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം. ഷാർജ യാർമുക്കിൽ റസ്റ്ററന്റിൽ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്. കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാൽ യുവാവിന്റെ പണം തിരികെക്കിട്ടി.
വമ്പിച്ച വിലക്കിഴിവിൽ ഇലക്‌േട്രാണിക്സ് ഉപകരണങ്ങൾ വിൽപ്പന നടത്തുന്നെന്ന പരസ്യം കണ്ടാണ് റിജു ഓൺലൈനായി ലാപ്‌ടോപ്പിന് ഓർഡർനൽകിയത്.
സാധനം കൂറിയർ വഴി എത്തിക്കുമ്പോൾ പണം നൽകിയാൽ മതിയെന്ന് കമ്പനി റിജുവിനെ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച കൂറിയറിൽ കാർട്ടൺ എത്തിച്ചുനൽകി. പാകിസ്താൻ സ്വദേശിയായിരുന്നു സാധനമെത്തിച്ചത്. 221 ദിർഹം ഇയാളുടെ കൈവശം റിജു നൽകി. തുടർന്ന് അയാളുടെ മുന്നിൽവെച്ചുതന്നെ കാർട്ടൻ തുറന്നുനോക്കിയപ്പോഴാണ് ലാപ്ടോപ്പിനു പകരം കനംകൂടിയ മരക്കഷണം കണ്ടത്. ഇതുകണ്ട്, സാധനമെത്തിച്ച പാകിസ്താൻ സ്വദേശി കൈമലർത്തി.
കമ്പനി തന്നയച്ച കാർട്ടൻ ഡെലിവറി ചെയ്യുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും ഇയാൾ റിജുവിനോട് പറഞ്ഞു. തുടർന്ന് റിജു പണം തിരികെവാങ്ങുകയായിരുന്നു. പരസ്യംനൽകി കബളിപ്പിച്ച അജ്മാനിലെ കമ്പനിക്കെതിരേ പോലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്.
ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മുൻപും പരാതിയുണ്ടായിരുന്നു. കൂറിയറിൽ സാധനങ്ങളെത്തിക്കുമ്പോൾ ഡെലിവറി ചെയ്യുന്ന ആളുടെ മുന്നിൽവെച്ചുതന്നെ ആവശ്യപ്പെട്ട സാധനങ്ങൾ തന്നെയാണോയെന്ന് ഉപഭോക്താവ് പരിശോധിച്ച് ഉറപ്പുവരുത്തണം.
കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായാൽ സാധനങ്ങൾ ഡെലിവറി ചെയ്ത വ്യക്തിയിൽനിന്ന് രേഖാമൂലം എഴുതിവാങ്ങി പോലീസിൽ പരാതി കൊടുക്കണമെന്നും അഡ്വ. പി.എ. ഹക്കീം പറഞ്ഞു. ഇത്തരം സംഭവങ്ങൾ വീഡിയോ വഴി പകർത്തി ദൃശ്യങ്ങൾ പോലീസിന് നൽകുകയും വേണം. സമാനസംഭവങ്ങൾ യു.എ.ഇ.യിൽ ആവർത്തിക്കുന്നതായും അഡ്വ. ഹക്കീം വ്യക്തമാക്കി.