റിക്രൂട്ട്മെന്റ് വിപൂലീകരണം; യു.കെ സംഘവുമായി നോര്‍ക്ക ചര്‍ച്ച നടത്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതു സംബന്ധിച്ച് യു.കെ (യുണൈറ്റഡ് കിംങ്ഡം) പ്രതിനിധികളുമായി നോര്‍ക്ക അധികൃതര്‍ ചര്‍ച്ച നടത്തി. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും യു.കെ യില്‍ നിന്നും നാവിഗോ ഡെപ്യൂട്ടി സിഇഒ മൈക്ക് റീവ്, അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്-പ്രോജക്ട് ലീഡ് ജോളി കാഡിങ്ടൺ, എന്‍.എച്ച്.എസ് (സൈക്യാട്രി) പ്രതിനിധിയും മലയാളിയുമായ ഡോ.ജോജി കുര്യാക്കോസ് എന്നിവരും സംബന്ധിച്ചു.

സ്കോട്ട്ലാന്റ്, അയര്‍ലാന്റ് പ്രവിശ്യകളിലേയ്ക്കുളള റിക്രൂട്ട്മെന്റ് സാധ്യതകളും പരിശോധിച്ചു. നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ മികച്ച തൊഴില്‍ നൈപുണ്യമുളളവരാണന്ന് യു.കെ സംഘം വ്യക്തമാക്കി. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതിനുളള സാല്‍പര്യവും പ്രതിനിധിസംഘം അറിയിച്ചു. കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് യു. കെ യില്‍ ആരോഗ്യമേഖലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ചും ചര്‍ച്ചയില്‍ വിലയിരുത്തി.

കേരളത്തില്‍ നിന്നുളള ഡെന്റിസ്റ്റുമാരുടെ യു.കെ റിക്രൂട്ട്മെന്റ് തുടങ്ങുന്നതിനുളള നിലവിലെ പ്രതിസന്ധികളും ചര്‍ച്ചചെയ്തു. 2022 നവംബര്‍ 2023 മെയ്, നവംബര്‍ മാസങ്ങളിലായി നോര്‍ക്ക യു.കെ കരിയര്‍ ഫെയറുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോടൊപ്പം വെയില്‍സിലേയ്ക്ക് പ്രത്യേകം റിക്രൂട്ട്മെന്റും ഓണ്‍ലൈന്‍ അഭിമുഖങ്ങളും സംഘടിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 601 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ യു.കെയിലെത്തിയത്. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പ്രത്യേകം അഭിമുഖവും കഴിഞ്ഞദിവസം ഹൈദ്രാബാദില്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *