കളമശ്ശേരി: എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിന്റെ (KIED) എറണാകുളം കളമശേരിയിലെ ക്യാമ്പസിലായിരുന്നു ഏകദിന പരിശീലനം. പരിശീലനപരിപാടിയില്‍ 51 പ്രവാസികള്‍ പങ്കെടുത്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. സജി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ബിഎഫ്സി പ്രോജക്ട്സ് മാനേജര്‍ കെ.വി. സുരേഷ്, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബി. ഷറഫുദ്ദീന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജിഎസ്ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്കി. പ്രോജക്റ്റുകള്‍ തയാറാക്കുന്നത് സംബന്ധിച്ചും, എംഎസ്എംഇയെക്കുറിച്ചും അവബോധമുണ്ടാക്കാനുളള ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.