ദുബൈ: ലോകത്തിലെ മുന്‍നിര ആരോഗ്യപരിചരണ രംഗത്തെ എക്സിബിഷനായ അറബ് ഹെല്‍ത്ത് 2025ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. 1975ല്‍ തുടക്കം കുറിച്ച എക്സിബിഷന്റെ അമ്പതാം വാര്‍ഷികം കൂടി ആഘോഷിക്കുന്ന പതിപ്പാണ് ഇത്തവണത്തേത്. 50 വര്‍ഷം മുമ്പ് കേവലം 40 പ്രദര്‍ശകരെ ഉള്‍ക്കൊള്ളിച്ചു തുടങ്ങിയ എക്സിബിഷനില്‍ ഇത്തവണ 180 രാജ്യങ്ങളില്‍ നിന്ന് 3800 ലേറെ പ്രദര്‍ശകരും അറുപതിനായിരത്തിലേറെ സന്ദര്ശകരുമെത്തുന്നുണ്ട്. 2024ലെ എക്സിബിഷനില്‍ 900കോടി ദിര്‍ഹമിന്റെ ബിസിനസ് കരാറുകള്‍ ഉണ്ടായിരുന്നു.
ദുബൈ സെക്കൻഡ് ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ആൽ മക്തൂം 50ാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ജനുവരി 30 വരെയാണ് ഇത്തവണത്തെ പ്രദര്‍ശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യ പരിചരണ മേഖലയില്‍നിന്നുള്ള സി.ഇ.ഒമാരും എക്സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യപരിചരണ രംഗത്ത് നിര്‍മിതബുദ്ധിയുടെ അവസരങ്ങളെക്കുറിച്ചടക്കം വിവിധ ചര്‍ച്ചകൾ വേദിയിൽ നടക്കും. യു.എ.ഇ ആരോഗ്യ മന്ത്രാലയം, ദുബൈ സര്‍ക്കാര്‍, ദുബൈ ആരോഗ്യ അതോറിറ്റി, ആരോഗ്യ വകുപ്പ്, ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റി എന്നിവ അടക്കമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് അറബ് ഹെല്‍ത്ത് 2025 സംഘടിപ്പിക്കുന്നത്.