അബൂദബി: ഹൈന്ദവ ക്ഷേത്രാങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. മനോഹര ചീനി വാദ്യം അകമ്പടി സേവിക്കുന്നു. ക്ഷേത്ര കലയിലെ വ്യത്യസ്തമായ അനുഭവം പറയുന്ന ഈ ഡോക്യുമെന്ററി അവസാനിച്ചപ്പോൾ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നിറഞ്ഞ കൈയടി.
രണ്ടാമത് ഐ.ഐ.സി സാഹിത്യ മേളയോടനുബന്ധിച്ച ഷോർട് ഫെസ്റ്റിലായിരുന്നു മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി മാധ്യമപ്രവർത്തകൻ അശ്റഫ് തൂണേരി സംവിധാനം ചെയ്ത ‘മുക്രി വിത്ത് ചാമുണ്ഡി’ എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. 17.25 മിനിറ്റ് ദൈർഘ്യത്തിൽ വർണാഭമായ നാടോടി കലാപ്രകടനത്തിൽ ഉൾച്ചേരുന്ന മതസൗഹാർദത്തെ ശക്തമായാണ് ആവിഷ്കരിച്ചത്. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും ചലച്ചിത്ര മേളകളിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി കൂടിയാണ് ‘മുക്രി വിത്ത് ചാമുണ്ഡി’.
അൽഷിമേഴ്സ് ബോധവത്കരണം പ്രമേയമാക്കി ഷാലി ബിജു സംവിധാനം ചെയ്ത ‘റെയിസ്’, എം.കെ ഫിറോസിന്റെ ‘പിങ്ക്’, പി ഷംനാസ് ഒരുക്കിയ ‘ഫ്ലഷ് ഔട്ട്’ എന്നീ ഹൃസ്വചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഐ.ഐ.സി ജനറൽ സെക്രട്ടറി ഹിദായത്തുല്ല എന്നിവർ അതിഥികൾക്ക് ഉപഹാരം കൈമാറി. ജുബൈർ വെള്ളാടത്ത് അവതാരകനായിരുന്നു.